രണ്ട് മാസത്തിനു ശേഷം ഹറമൈന്‍ ട്രെയിന്‍ മക്കയിലെത്തി

ജിദ്ദ: ജിദ്ദയിലെ സുലൈമാനിയ്യ സ്റ്റേഷന്‍ അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന മക്ക മദീന അതിവേഗ ട്രെയിന്‍ രണ്ടു മാസത്തിനു ശേഷം ഇന്ന് ഉച്ചക്ക് മുമ്പായി മക്കയിലെ റെയിവേസ്റ്റേഷനിലെത്തി.

ഒരാഴ്ച മുമ്പ് ട്രെയിന്‍ സേവനം മദീന ജിദ്ദ സ്റ്റേഷനുകള്‍ക്കിടയില്‍ പുന:സ്ഥാപിച്ചെങ്കിലും മക്കയിലേക്ക് എത്തിയത് ഇന്നാണ്. ഇതോടെ നേരത്തെ ഉണ്ടായിരുന്ന ഹറമൈന്‍ ട്രെയിന്‍ സേവനം സാധാരണപോലെ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ഹറമൈന്‍ ട്രെയിന്‍ മക്ക റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ട്രെയിനില്‍ നിന്നും ധാരാളം തീര്‍ത്ഥാടകര്‍ ഇറങ്ങുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

മദീന സ്റ്റേഷനില്‍ നിന്നും ഇന്ന് രാവിലെ പ്രാദേശിക സമയം 8.10 നാണ് മദീനയിൽനിന്നും മക്കയിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്. ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലാണ് ട്രെയിന്‍ സര്‍വ്വീസുള്ളത് ദിവസവും 12 സര്‍വീസുകളാണ് മക്ക മദീന നഗരങ്ങള്‍ക്കിടയില്‍ നടത്തുന്നത്. ഒറ്റ സര്‍വ്വീസില്‍ 417 യാത്രക്കാര്‍ക്ക് സൗകര്യമുണ്ടാകും ദിവസം അയ്യായിരത്തോളം പേര്‍ക്ക് ഹറമൈന്‍ അതിവേഗ ട്രെയിനില്‍ യാത്ര ചെയ്യാനാവും.