മറാഠി സിനിമ നടൻ ശ്രീരാം ലാഗു അന്തരിച്ചു.

മുംബൈ: പ്രശസ്ത മറാഠി സിനിമ, നാടക നടൻ ഡോ. ശ്രീരാം ലാഗു (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലാണ് അന്ത്യം. മറാഠിയിലും ഹിന്ദിയിലും തിളങ്ങി നിന്ന നടനാണ് ശ്രീറാം ലാഗു. കൂടാതെ 20ലധികം മറാഠി നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇഎൻടി ഡോക്ടറായിരുന്നു.

സാമൂഹികപ്രവർത്തന രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. 1930ലാണ് നാടകരംഗത്ത് സജീവമായത്. പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, ബോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി പേർ ആദരാജ്ഞലികൾ നേർന്നു.സിംഹാസൻ, സാമ്ന, പിൻജ്ര, സാകോൾ, സമ്രാട്ട് ശ്രീരാം തുടങ്ങിയവ ലാഗുവിന്‍റെ പ്രശസ്തമായ ചിത്രമാണ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദീപ ലാഗുവാണ് ഭാര്യ. ലമാൻ എന്ന പേരിൽ ആത്മകഥയും എഴുതിയിട്ടുണ്ട്.