പൗരത്വ ഭേദഗതി ബിൽ; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ കേന്ദ്രം മറുപടി നൽകണം. നിയമത്തിലെ വ്യവസ്ഥകൾക്ക് പ്രചാരണം നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. നിയമം സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു.
രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ 60 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ജനുവരിയില്‍ വാദം കേള്‍ക്കുന്നതു വരെ സ്‌റ്റേ അനുവദിക്കാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല. നിയമത്തിന് സ്റ്റേ നല്‍കരുതെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നാലു സുപ്രീംകോടതി വിധികള്‍ നിലവിലുണ്ടെന്ന്, സ്റ്റേ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ നിയമം നിലവില്‍ വന്നിട്ടില്ലെന്നും ഇതിനു ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇന്നു വാദമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
പ്രതിഷേധം നടത്തുന്ന പലര്‍ക്കും നിയമത്തെക്കുറിച്ച് അറിയില്ലെന്നും അതുകൊണ്ട് നിയമത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടു. ഇക്കാര്യത്തോടു യോജിക്കുന്നതായി എജി കോടതിയെ അറിയിച്ചു. കോടതി ഉത്തരവിന്റെ കാര്യമില്ലെന്നും സര്‍ക്കാര്‍ അതു ചെയ്യുമെന്നും എജി അറിയിച്ചു.






