പൗരത്വനിയമം: അറുപതോളം ഹർജികൾ ഇന്ന് സുപ്രീംകോടതി കേൾക്കും

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുമ്പോൾ പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹർജികൾ സുപ്രീംകോടതി ഇന്ന് (ബുധനാഴ്ച) പരിഗണിക്കും.
പ്രധാന ഹർജിക്കാർ:
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ജയ്റാം രമേഷ് (കോൺഗ്രസ്), രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദൾ, ഡി.എം.കെ., അസദുദ്ദീൻ ഒവൈസി, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാർ ഝാ (ആർ.ജെ.ഡി.), കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ), എസ്.ഡി.പി.ഐ., മഹുവ മോയിത്ര (തൃണമൂൽ കോൺഗ്രസ്), അസം സ്റ്റുഡന്റ്സ് യൂണിയൻ, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷൻ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷൻ.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ നയിക്കുക. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേചെയ്യണമെന്നും വാദമുന്നയിക്കാനാണ് സാധ്യത. ഹർജികളിൽ വാദംകേൾക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ച ശേഷമാകും തുടർനടപടികൾ.





