ഉംറ തീര്‍ത്ഥാടക ഇന്‍ഷൂറന്‍സ്: നഷ്ടപരിഹാരം ലഭിക്കാന്‍ നാലു മാര്‍ഗ്ഗങ്ങള്‍

ജിദ്ദ: ഉംറ തീര്‍ത്ഥാടകര്‍ക്ക് ഈയിടെ നിര്‍ബന്ധമാക്കിയ സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ നഷ്ടപരിഹാരം നല്‍കുവാന്‍ ഹജജ് ഉംറ മന്ത്രാലയം നാല് മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കും.

ബാങ്കുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, പ്രിപെയ്ഡ് കാര്‍ഡ് ഇഷ്യു ചെയ്യുക, വിവിധ മണി ട്രാന്‍സ്ഫര്‍ സംവിധാനം വഴി പണം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുക, ക്രഡിറ്റ് കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക എന്നിങ്ങനെയാണ് നഷ്ടപരിഹാരം തിരിച്ചേല്‍പ്പിക്കുക.

ഈ നാലു മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്നിലൂടെയായിരിക്കും ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ നഷ്ടപരിഹാരം നല്‍കുക എന്ന് ഹജജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അബ്ദുല്‍ അസീസ് വസ്സാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് ഒരു മാസം കാലാവധിയുള്ള സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. വിദേശ നാടുകളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് 189 റിയാലിന്റെ ഒരു മാസം കാലാവധിയുള്ളതാണ് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി. പോളിസി വഴി 100 ശതമാനം സൗജന്യമായി ആരോഗ്യ പരിരക്ഷ ലഭിക്കും.

സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷയോടൊപ്പം അത്യാഹിത സാഹചര്യങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍, യാത്രകളിലുണ്ടായേക്കാവുന്ന അപകടങ്ങള്‍ക്കുപുറമെ ബാഗേജ് നഷപ്പെടുക, യാത്ര വൈകുക, ദീര്‍ഘനേരം വിമാനത്താവളങ്ങളില്‍ തങ്ങേണ്ടിവരിക എന്നിവയെല്ലാം തീര്‍ത്ഥാടന ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പെടും.
തീര്‍ത്ഥാടകര്‍ക്ക് ലളിതമായും പ്രയാസരഹിതമായും കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ മന്ത്രാലയം സംവിധാനിക്കുന്ന നടപടിയുടെ ഒരു ഭാഗമാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് നേരത്തെ ഹജജ് ഉംറ വിഭാഗം മന്ത്രി വ്യക്തമാക്കിയിരുന്നു.