ഹറം പള്ളിയുടെ മുറ്റത്തുനിന്നും ലോക്കറുകള്‍ പൊളിച്ചുമാറ്റി, ലോക്കറുകള്‍ പ്രധാന വഴിയോരത്ത് സ്ഥാപിക്കും

മക്ക: മക്കയിലെ ഹറം പള്ളിയുടെ മുറ്റത്തു സ്ഥാപിച്ചിരുന്ന ലെഗേജ് സൂക്ഷിക്കാനുള്ള ലോക്കറുകള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റി. വിശുദ്ധ ഹറം പള്ളിയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും തിരക്കുകള്‍ കുറക്കുന്നതിനുമായാണ് നിലവിലുള്ള സ്ഥലത്തുനിന്നും ലെഗേജ് ലോക്കറുകള്‍ പൊളിച്ചുമാറ്റിയിട്ടുള്ളത്.
നേരത്തെ ഹറമിലേക്ക് വരുന്നവരുടെ ബാഗുകയും മറ്റു ലെഗേജുകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതിന് ഹറമിന്റെ മുറ്റത്ത് തന്നെയായിരുന്നു ലോക്കറുകള്‍ സ്ഥാപിച്ചിരുന്നത്.
പൊളിച്ചുമാറ്റപ്പെട്ട ലഗേജ് ലോക്കറുകള്‍ക്ക് പകരമായി പുതിയ ലോക്കറുകള്‍ വിശുദ്ധ മസ്ജിദുല്‍ ഹറാമിലേക്ക് വരുന്ന പ്രധാന പാതയോരങ്ങളിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കുവാന്‍ മക്കാ മുനിസിപ്പാലിറ്റിയും ഇരു ഹറമുകളുടെ ഉന്നതാധികാര സഭയും തീരുമാനിച്ചു.
മക്കാ മുനിസിപ്പാലിറ്റിയും ഹറം ഉന്നതാധികാര സഭയും തീര്‍ത്ഥാടകരുടെ ലെഗ്ഗേജുകളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതിന് എവിടെയായിരിക്കണം പുതിയ ലോക്കറുകള്‍ സ്ഥാപിക്കേണ്ടതെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. മുനിസിപ്പാലിറ്റിയിലേക്ക് മുമ്പാകെ ഏതാനും സ്ഥലങ്ങളെകുറിച്ച് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എവിടെയാണ് പുതുതായി മാറ്റി സ്ഥാപിക്കേണ്ടതെന്നതിനെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.
വിശുദ്ധ ഹറം പള്ളിയിലേക്കുള്ള പ്രധാന റോഡുകള്‍, കടന്നുവരുന്ന ‘ഇബ്രാഹീം ഖലീല്‍ റോഡ്, കുദായ്, ഗസ്സ, അജ്‌യാദ്, ഉമ്മുല്‍ ഖുറാ’, എന്നീ സ്ഥലങ്ങളിലാണ് പുതുതായി ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള ലോക്കറുകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങള്‍.
വിശുദ്ധ ഹറമിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും മുറ്റം കൂടുതല്‍ സൗകര്യപ്പെടുത്തുന്നതിനുമായി ഏഴ് ലഗേജ് ലോക്കറുകളും ഏതാനും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു.






