ഉന്നാവ് പീഡനക്കേസിൽ വിധി ഇന്ന്

ജുലീന
ന്യൂഡൽഹി: ബി.ജെ.പി മുൻ എം. എൽ. എ കുൽദീപ് സിങ് സെൻഗർ പ്രതിയായ 2017 ലെ ഉന്നാവ് പീഡനക്കേസിൽ വിധി ഇന്ന്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് അതിവേഗ വിചാരണയ്ക്ക് സാധ്യതയൊരുങ്ങിയതും വിധി പറയാൻ തീരുമാനിച്ചതും.
ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും പോലീസ് ആട്ടിയോടിക്കുകയായിരുന്നു. 2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് പീഡനം രാജ്യം അറിഞ്ഞത്. പിന്നീട് വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസ് സി.ബി. ഐ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കൊല്ലാനുള്ള ശ്രമം നടന്നിരുന്നു. മാസങ്ങൾ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെൺകുട്ടി സാധാരണ നിലയിലെത്തിയത്.
സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് കേസിന്റെ വിചാരണ ലക്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്. സി. ബി. ഐ യുടെയും പ്രതികളുടെയും വാദമുഖങ്ങൾ പൂർത്തിയായ ശേഷമാണ് കേസ് വിധി പറയാൻ തീരുമാനിച്ചത്.






