ആരാധകര്‍ക്ക് മുന്‍പില്‍ ഇത്തവണയും ജയം കണ്ടെത്താനായില്ല: ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് ആരാധകര്‍

കൊച്ചി: ഐ.എസ്.എല്‍ ആറാം സീസണിലെ വിജയത്തുടക്കം പിന്നീടുള്ള കളികളില്‍ ആവര്‍ത്തിക്കാതിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകരും കൈവിടുകയാണ്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ജയം കാണാതെ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്.

കൊച്ചിയില്‍ 12,772 പേര്‍ മാത്രമാണ് ജംഷഡ്പൂരിനെതിരായ കളികാണാന്‍ എത്തിയത്. അതേസമയം ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിട്ടും സമനില നേടാനായത് മഞ്ഞപ്പടയുടെ പ്രതീക്ഷയുയര്‍ത്തുന്നുണ്ട്. തുടര്‍ പരാജയങ്ങളും സമനിലകളും ആണ് ഗാലറിയില്‍ കാണികളെ ദുര്‍ബലമാക്കിയത്.

ഇനി കളി കാണാനില്ലെന്ന് പറഞ്ഞ് നിരാശയോടെ മടങ്ങുന്ന നിരവധി മുഖങ്ങളാണ് അവിടെ കണ്ടത്. എന്നാല്‍, രണ്ടാം പകുതിയില്‍ മെസി ബൗളിയിലൂടെ ടീം സമനില കണ്ടെത്തിയതോടെ ഇനിയുള്ള കളികളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു ആരാധകര്‍.

ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി മത്സരം കൊച്ചിയില്‍ സമനിലയില്‍ ആണ് അവസാനിച്ചത്. മഞ്ഞപ്പടയുടെ ആരാധകര്‍ അടുത്ത കളിക്കായുള്ള കാത്തിരിപ്പിലാണ്.