ജിദ്ദാ അന്താരാഷ്ട്ര ബുക് ഫെയറിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്; വെള്ളിയാഴ്ച വരെ 84,778 സന്ദര്‍ശകര്‍ എത്തി

ജിദ്ദ: ഇക്കഴിഞ്ഞ ബുധനാഴ്ച 11ാം തിയ്യതി മുതല്‍ ആരംഭിച്ച ജിദ്ദ അന്താരാഷ്ട്ര ബുക് ഫെയറിലേക്ക് വന്‍ ജനാവലിയാണ് സന്ദര്‍ശകരായി ദിനേന എത്തുന്നത്. ഇന്നലെ വരെ എത്തിയത് 84,778 സന്ദര്‍ശകരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സന്ദര്‍ശകരില്‍ വലിയൊരു വിഭാഗം സ്ത്രീകളും യുവാക്കളുമാണെന്നത് പുസ്തകത്തോടും വായനയോടുമുള്ള പുതിയ തലമുറയുടെ താല്‍പര്യമാണ് കാണിക്കുന്നതെന്നും ഇത് പ്രതീക്ഷാവഹമാണെന്നതിന് തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.
ജിദ്ദയിലെ നോര്‍ത്ത് അബ്ഹൂറിലാണ് അഞ്ചാമത് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. 40 രാഷ്ട്രങ്ങളില്‍ നിന്നായി 400 ല്‍ അധികം പ്രസാധകര്‍ ബുക് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വിജ്ഞാന ശാഖകളില്‍ നിന്ന് മൂന്നരലക്ഷത്തിലധികം വിഷയങ്ങള്‍ സന്ദര്‍ശകര്‍ക്കായി ബുക്‌ഫെയറിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനു പുറമെ വിവിധ സാംസ്‌കാരിക പരിപാടികളും എല്ലാ ദിവസങ്ങളിലും ജിദ്ദാ അന്താരാഷ്ട്ര ബുക് ഫെയറിനെ മാറ്റുകൂട്ടുന്നുണ്ട്.
10 ദിവസം നീണ്ടു നില്‍ക്കുന്ന ബുക് ഫെയര്‍ ഡിസംബര്‍ 21 നു സമാപിക്കും കഴിഞ്ഞ 11ാം തീയ്യതി ബുധനാഴ്ച മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരനാണ് ജിദ്ദാ അന്താരാഷ്ട്ര ബുക് ഫെയര്‍ ഉദ്ഘാടനം ചെയ്തത്.






