വയനാട് ബദൽ പാതയ്ക്ക് അടിയന്തരമായി പാരിസ്ഥിതികാനുമതി നൽകണമെന്ന് കെ മുരളീധരൻ എംപി

പേരാമ്പ്ര: പതിറ്റാണ്ടുകളായി പരിഗണനയിലുള്ള പടിഞ്ഞാറത്തറ – പൂഴിത്തോട് വയനാട് ബദൽ പാതയ്ക്ക് അടിയന്തരമായി പാരിസ്ഥിതികാനുമതി നൽകണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന വയനാട് ജില്ലയെ കേരളത്തിലെ മറ്റു സ്ഥലങ്ങളുമായി പ്രധാനമായും ബന്ധിപ്പിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച താമരശ്ശേരി ചുരം റോഡാണ്.
വയനാടിനു പുറത്തുള്ളവർ കർണാടകയിലേക്ക് എത്താനും ഇതേ ചുരം റോഡിനെയാണ് ആശ്രയിക്കുന്നത്. ജനസംഖ്യാ വർധനവും വിദ്യാഭ്യാസ, വാണിജ്യ ആവശ്യങ്ങൾക്കായി കൂടുതൽ യാത്രകൾ വേണ്ടിവരുന്നതും ഈ റൂട്ടിനെ ഏറെ തിരക്കുള്ളതാക്കുന്നു. ചുരം മേഖലയിലുണ്ടാകുന്ന ഗതാഗത സ്തംഭനങ്ങൾ വലിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ബദൽ പാതയ്ക്കായി ശ്രമം തുടങ്ങിയത്. പൂഴിത്തോട് – പെരുവണ്ണാമൂഴി – പടിഞ്ഞാറത്തറ റോഡിന് 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ തറക്കല്ലിട്ടിരുന്നു.
നിർദിഷ്ട പാത 13 കിലോമീറ്റർ വനഭൂമിയിലൂടെയും കടന്നു പോകുന്നത് കാരണം കേന്ദ്ര സർക്കാർ പാരിസ്ഥിതികാനുമതി നീട്ടിക്കൊണ്ടു പോവുകയാണ്. റോഡിനായി ഉപയോഗിക്കുന്ന വന ഭൂമിക്കു പകരമായി ഭൂമി നൽകി വനവൽക്കരണം നടത്താമെന്ന് ഈ മേഖലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നിട്ടും പരിസ്ഥിതി മന്ത്രാലയം അനുമതി നൽകാത്തത് കാരണം വയനാട് ബദൽ പാത ഒരു സ്വപ്നമായി തുടരുന്നത് ദൗർഭാഗ്യകരമാണ്. അതിനാൽ പുതിയ റോഡിന്റെ പ്രാധാന്യവും ആവശ്യകതയും കണക്കിലെടുത്ത് പൂഴിത്തോട് – പെരുവണ്ണാമൂഴി – പടിഞ്ഞാറത്തറ റോഡിന് എത്രയും വേഗം പരിസ്ഥിതി അനുമതി നൽകണമെന്ന് കെ.മുരളീധരൻ എം പി ആവശ്യപ്പെട്ടു.






