കലാരംഗം ആരേയും മാറ്റിനിര്‍ത്തേണ്ടതില്ല; ലിംഗ, ജാതി, വര്‍ണ്ണഭേതമന്യേ എല്ലാവര്‍ക്കും പ്രാപ്യം: പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍

റിയാദ്: കലാ രംഗത്ത് ലിംഗ, ജാതി, വര്‍ണ്ണ ഭേദമില്ലെന്നും സ്ത്രീകളടക്കമുള്ളവര്‍ക്ക് ഈ മേഖല തികച്ചും പ്രാപ്യമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചെണ്ട മേളത്തിന്റെ കുലപതിയും തൃശ്ശൂര്‍ പൂരത്തിന്റെ മേള പ്രമാണിയുമായ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രകലയായതിനാല്‍ സ്ത്രീകള്‍ ഈ രംഗത്ത് പൊതുവെ കുറവായിരുന്നെങ്കിലും ഇപ്പോള്‍ പലരും വിവിധ കലകള്‍ അഭ്യസിക്കാനും അവതരിപ്പിക്കാനും രംഗത്ത് വരുന്നത് സ്വാഗതാര്‍ഹമാണ്. ഒരു തൊഴിലും സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റാത്തതായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ തനത് നാടന്‍ കലകളും ക്ഷേത്ര കലകളും മലയാളിയുടെ ജീവിതത്തോടൊപ്പം നില്‍ക്കുന്നതാണ്. വിശിഷ്യാ പ്രവാസ ലോകത്ത് ഇതിന്റെ ആസ്വാദകര്‍ ഏറെയാണ്. പ്രവാസത്തിന്റെ ആകുലതകള്‍ക്കിടയിലും കലയോടുള്ള അതിയായ അഭിനിവേശമാണിതിന് കാരണം. ഒരു കാലത്ത് ഇത്തരം കലകളെ ഹൃദയത്തിലേറ്റിയിരുന്നവരാണ് ഇവര്‍ എന്നുള്ളത് കൊണ്ട് തന്നെ പ്രവാസ ലോകത്ത് നടക്കുന്ന പരിപാടികളിലെല്ലാം മലയാളികള്‍ ആവേശപൂര്‍വ്വമാണ് പങ്കെടുക്കാറുള്ളത്. സൗദി അറേബ്യ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 43 വര്‍ഷമായി തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തില്‍ സ്ഥിരമായി ചെണ്ട കൊട്ടുന്നുണ്ട്. 21 വര്‍ഷമായി മേള പ്രമാണിയാണ്. 18 വാദ്യങ്ങള്‍ക്കും മേലെയാണ് ചെണ്ട വാദ്യമെന്നുള്ളത് കേരളത്തിന്റെ തനത് കലയുടെ മഹത്വമാണ് ബോധ്യപ്പെടുത്തുന്നത്. നമ്മുടെ പൂര്‍വ്വീകര്‍ കണ്ട് പിടിച്ച് തലമുറയായി കൈമാറിയ പലതും ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത് സന്തോഷകരമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദില്‍ നടക്കുന്ന തൃശ്ശൂര്‍ കൂട്ടായ്മയുടെ തൃശ്ശൂര്‍ സംഗമത്തില്‍ പങ്കെടുക്കാനാണ് അദ്ധേഹം റിയാദിലെത്തിയത്.
റിയാദിലെ ഇന്ത്യന്‍ സ്‌ക്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യന്‍ കള്‍ചര്‍ ഏഡ് ഹെറിറ്റേജ്, സയന്‍സ്, ക്രാഫ്റ്റ്, ആര്‍ട്ട്, ഡ്രോയിംഗ് എന്നീ വിഷയങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ തലത്തില്‍ പൂരം എക്‌സിബിഷന്‍, താലപ്പൊലി, കഥകളി, തെയ്യം, കോല്‍ക്കളി, കുമ്മാട്ടി, പുലിക്കളി, കാളകളി, പൂക്കാവടി, പീലിക്കാവടി, മയിലാട്ടം, സൗദി പാരമ്പര്യ ഡാന്‍സ് തുടങ്ങി നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന വിവിധ നാടന്‍ കലാരൂപങ്ങളും ഘോഷയാത്ര, സൗദിഅറേബ്യയിലെ വിവിധപ്ര വിശ്യകളില്‍നിന്നും എത്തിച്ചേര്‍ന്നിരിക്കുന്ന കലാകരന്‍മാര്‍ ചേര്‍ന്നൊരുക്കുന്ന നൃത്ത സംഗീത സന്ത്യയും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് സുധാകരന്‍ ചാവക്കാട്, പ്രോഗ്രാം കോഓഡിനെറ്റര്‍ സുനില്‍ മേനോന്‍, സോനറ്റ് ബി. പി, ഷാജി ചേറ്റുവ, ബാബു മൈലഞ്ചേരി പങ്കെടുത്തു.






