ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരി: കൊളശ്ശേരി കാവും ഭാഗത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ തൂങ്ങി മരിച്ചതിനു പിന്നാലെയാണ് മതാപിതാക്കളും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാവുംഭാഗം നാമത്ത് വീട്ടില്‍ എന്‍.വി ഹരീന്ദ്രന്‍(51), ഭാര്യ ഷാഖി(42) എന്നിവരാണ് മരിച്ചത്. നേരത്തെ തലശ്ശേരി നഗരസഭ ചെയര്‍മാന്റെ ഡ്രൈവറായിരുന്നു ഹരീന്ദ്രന്‍. ഇന്നു രാവിലെയാണ് ഇരുവരേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി ഡി.വൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

ആര്‍.ഡി.ഒ സംഘവും ഇന്‍ക്വസ്സ് നടപടികള്‍ക്കായി എത്തിയിട്ടുണ്ട്. 2018 മെയ് 19ന് ഇവരുടെ ഏകമകനും തലശ്ശേരി ജഗന്നാഥ് ഐ.ടി.സിയിലെ വിദ്യാര്‍ഥിയായിരുന്ന എം.കെ ശ്രാവന്ദ്(22) ഇതേ രീതിയില്‍ മരണപ്പെട്ടിരുന്നു. ബ്ലൂ വേല്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തുവെന്നരീതിയിലായിരുന്നു അന്ന് പ്രചരണം നടന്നത്.

വീടിന്റെ മുകളിലെ നിലയിലെ മുറിക്കുള്ളിലാണ് ശ്രാവന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് മൊബൈലും ലാപ്‌ടോപ്പും മറ്റും പരിശോധിച്ചിരുന്നു. നേരത്തെ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നു. ഏകമകന്റെ മരണത്തെ തുടര്‍ന്ന് ഹരീന്ദ്രനും ഷാഖിയും ഏറെനാള്‍ പുറത്തിറങ്ങിയിരുന്നില്ല. തുടര്‍ന്നുണ്ടായ മനോവിഷമമായിരിക്കാം ഇരുവരുടെയും മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.