സദസ്സിന് വിസ്മയമൊരുക്കി ‘ചിന്താവിഷ്ടയായ സീത’ അരങ്ങില്‍

കണ്ണൂര്‍: നൂറ്റാണ്ടിന്റെ നിറശോഭയിലെത്തിയ കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ അരങ്ങിനെയും വിസ്മയമാക്കി. പ്രശസ്ത നര്‍ത്തകിയായ ഡോക്ടര്‍ കെ സുമിത നായര്‍ ചിന്താവിഷ്ടയായ സീതയിലെ 15 ശ്ലോഗങ്ങളുടെ രംഗാവിഷ്‌കാരങ്ങള്‍ കോര്‍ത്തിണക്കിയാണ് നൃത്താവിഷ്‌കാരം ഒരുക്കിയത്.

ഒരു മണിക്കൂര്‍ നീളുന്നതാണ് നൃത്താവിഷ്‌കാരം. ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മലയാള വിഭാഗം മുന്‍ അധ്യക്ഷന്‍ പ്രൊഫസര്‍ എ മാധവന്‍ ഉദ്ഘാടനം ചെയ്യ്തു. വി എസ് അനില്‍കുമാര്‍ അധ്യക്ഷനായി.

പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ കെ ഫല്‍ഗുനന്‍, ഡോ കെ വി ഉണ്ണികൃഷ്ണന്‍, ഡോ ജിസ ജോസ്, അനുപ്രിയ, ഡോ എന്‍ ലിജി, ടി പി ഹരിത എന്നിവര്‍ സംസാരിച്ചു. ഡോ സുമിതനായര്‍ നൃത്തശില്‍പത്തെക്കുറിച്ച് വിശദീകരിച്ചു. നര്‍ത്തകിമാര്‍ക്കുള്ള ഉപഹാരം പ്രൊഫ. കരുണന്‍ സമര്‍പ്പിച്ചു.