വിദേശ തൊഴിലാളികളില്‍ നിന്നും മാസപ്പടി പിടിക്കുന്നത് നിഷിദ്ധമാണെന്ന് ഷെയ്ഖ് മുസ്‌ലിഹ്

റിയാദ്: സ്‌പോണ്‍സര്‍മാര്‍ മാസാന്തം നിശ്ചിത തുക അവരുടെ കീഴിലുള്ള വിദേശ തൊഴിലാളികളില്‍ നിന്നും വാങ്ങുന്നത് ഇസ്‌ലാമിക നിലപാടനുസരിച്ചു നിഷിദ്ധമാണെന്ന് അല്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ശരീഅത്ത് കോളേജ് അക്കാദമിക് മെമ്പര്‍ ഡോക്ടര്‍ ഷെയ്ഖ് ഖാലിദ് അല്‍ മുസ്‌ലിഹ് വ്യക്തമാക്കി.

ഇത്തരത്തില്‍ പണം വാങ്ങുന്നതിന്റെ ഇസ്‌ലാമികമാനം എന്താണെന്നു ഷെയ്ഖ് മുസ്‌ലിഹിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഓരോ വ്യക്തിയും തനിക്കെത്തിയ പണം ഏതൊരു അവകാശത്തിലാണ് സ്വന്തമാക്കുന്നതെന്ന് മനസാക്ഷിയോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘അല്‍ രിസാല’ ചാനലിലെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നതിനിടയിലാണ് പ്രസ്തുത ചോദ്യത്തിനുത്തരമായി ഷെയ്ഖ് മുസ്‌ലിഹ് മാസപ്പടി പിടിക്കുന്നത് നിഷിദ്ധമാണെന്ന് വ്യക്തമാക്കിയത്. കയ്യിലെത്തുന്ന പണം ശരീഅത്ത് നിയമപ്രകാരം വ്യക്തമായ അവകാശമുള്ളതാണെങ്കില്‍ സ്വീകരിക്കാമെന്നും നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ കൈപ്പറ്റുന്ന മാസപ്പടിയടക്കമുള്ള പണം സ്വീകരിക്കുന്നത് അനുവദനീയമല്ലെന്നും അത്തരം സമ്പാദ്യങ്ങള്‍ നിഷിദ്ധമായ വകുപ്പിലാണ് ഉള്‍പ്പെടുകയെന്നും ഷെയ്ഖ് മുസ്‌ലിഹ് വ്യക്തമാക്കി.

നിഷിദ്ധ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നത്, തൊഴില്‍ ചെയ്തത് ജീവിക്കുന്നതിനെയും മറ്റു അനുവദനീയമായ വഴികളിലൂടെ പണം സമ്പാദിക്കുന്നതിനെയും തടയുമെന്നും ഷെയ്ഖ് മുസലിഹ് കൂട്ടിച്ചേര്‍ത്തു.