മക്കയിൽ അർധരാത്രി പരിശോധന 65 നിയമ ലംഘകർ പിടിയിലായി

മക്ക: മക്കയിലെ ചില ഗല്ലികളിൽ നടത്തിയ അപ്രതീക്ഷിതമായ സുരക്ഷാ ഓപ്പറേഷനിൽ താമസ തൊഴിൽ നിയമ ലംഘകരായ 65 വിദേശികളെ പിടികൂടി. മക്ക പോലീസ് വിഭാഗം, ഇതര സുരക്ഷാ ഡിപ്പാർട്ടുമെന്റുകൾ, സംയുക്തമായി നടത്തിയ സുരക്ഷാ ഓപ്പറേഷനിൽ ഐഡന്റിറ്റി ഇല്ലാത്തവരും, തൊഴിൽ താമസ നിയമം ലംഘിച്ചവരുമായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 65 പേരെ പിടികൂടി. മക്കയിലെ അൽ സൈമയിലും ചുറ്റുഭാഗത്തുള്ള മലമുകളിലും കൃഷിയിടങ്ങളിലുമാണ് സുരക്ഷാ വിഭാഗം അർദ്ധരാത്രി മുതൽ പ്രഭാതം വരെ നീണ്ടുനിന്ന പരിശോധന നടത്തിയത്.
പിടികൂടിയ നിയമ ലംഘകരെ ശുമൈസിയിലെ ഡീപോട്ടേഷൻ സെന്ററിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അവരുടെ രേഖകൾ തിരിച്ചറിയുന്നതിനായി അൽ നസീമിലുള്ള പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയുണ്ടായി. സുരക്ഷാ വിഭാഗത്തിന് സഹായമായി നാട്ടുകാരും രംഗത്തുണ്ടായിരുന്നു. നിരവധി നിയമ ലംഘകർ താമസിക്കുന്ന സ്ഥലങ്ങൾ സുരക്ഷാ വിഭാഗത്തിന് കാണിച്ചുകൊടുത്തത് നാട്ടുകാരാണ്.






