ഉംറതീര്‍ത്ഥാടകര്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

സമ്പൂര്‍ണ്ണ  ആരോഗ്യ പരിരക്ഷ, അത്യാഹിത സാഹചര്യങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍, യാത്രകളിലുണ്ടായേക്കാവുന്ന അപകടങ്ങള്‍, ദുരന്തങ്ങള്‍ എന്നിവക്കുപുറമെ ബാഗേജ് നഷപ്പെടുക, യാത്ര വൈകുക, ദീര്‍ഘനേരം എയര്‍പോര്‍ട്ടുകളില്‍ നില്‍ക്കേണ്ടിവരിക എന്നിവയെല്ലാം ഈ തീര്‍ത്ഥാടന ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുമെന്നും ഹജജ് ഉംറ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നും വിശുദ്ധ ഭൂമിയിലേക്ക് ഉംറ തീര്‍ത്ഥാടനത്തിനായി വരുന്നവര്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമാക്കുന്ന പദ്ധതിക്ക് സൗദി ഹജജ് ഉംറ മന്ത്രാലയം തുടക്കം കുറിച്ചു.

രാജ്യത്തിന്റെ പുറത്തുനിന്നു വരുന്ന ഉംറ തീര്‍ത്ഥാടകര്‍ അവര്‍ ട്രാവല്‍ ഏജന്‍സി വഴി വരുന്നവരായാലും ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കി സ്വന്തമായി വരുന്നവരാണെങ്കിലും സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കല്‍ നിര്‍ബന്ധമാണെന്ന് ഹജജ് ഉംറ മന്ത്രി ഡോക്ടര്‍ മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍ വ്യക്തമാക്കി.

സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ, അത്യാഹിത സാഹചര്യങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍, യാത്രകളിലുണ്ടായേക്കാവുന്ന അപകടങ്ങള്‍, ദുരന്തങ്ങള്‍ എന്നിവക്കുപുറമെ ബാഗേജ് നഷപ്പെടുക, യാത്ര വൈകുക, ദീര്‍ഘനേരം എയര്‍പോര്‍ട്ടുകളില്‍ നില്‍ക്കേണ്ടിവരിക എന്നിവയെല്ലാം ഈ തീര്‍ത്ഥാടന ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുമെന്നും ഹജജ് ഉംറ മന്ത്രി കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാടകര്‍ക്ക് ലളിതമായും പ്രയാസരഹിതമായും കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ മന്ത്രാലയം സംവിധാനിക്കുന്ന നടപടിയുടെ ഒരു ഭാഗമാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടക ഇന്‍ഷുറന്‍സ് ചുരുങ്ങിയതും താങ്ങാവുന്നതുമായ വിലക്ക് ലഭ്യമാക്കുമെന്നും, ഇത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും പങ്കാളിത്തത്തോടുകൂടിയായിരിക്കും സംവിധാനിക്കുകയെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രതിനിധീകരിച്ചു ‘കോഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് കമ്പനിയാണ്’ തീര്‍ത്ഥാടക ഇന്‍ഷുറന്‍സ് നിയന്ത്രിക്കുന്നത്.

അടിയന്തിര ആരോഗ്യ പരിരക്ഷക്ക് ഒരു ലക്ഷം റിയാല്‍ വരെയും, ഇന്‍ഷുറന്‍സ് കാലയളവായ 30 ദിവസത്തിനുള്ളില്‍ സംഭവിച്ച അപകടങ്ങള്‍ക്ക് 380 ദശലക്ഷം റിയാല്‍ വരെയും ഇത് കവറേജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.