രാജ്യസഭയിൽ പൗരത്വ ബിൽ പാസ്സായി; ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയ ഗാന്ധി.

ന്യൂഡൽഹി : മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി. രാജ്യസഭയിൽ 125 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 105 പേർ ബില്ലിനെ എതിർത്തും വോട്ട് ചെയ്തു.

കേവല ഭൂരിപക്ഷമായ 121നെക്കാളും കൂടുതൽ വോട്ട് നേടിയാണ് രാജ്യസഭയിൽ ബിൽ പാസായിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നാണ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് നേരെ തിരിച്ചായിരുന്നു, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാണിതെന്നായിരുന്നു അദ്ദേഹം ട്വീറ്ററിൽ കുറിച്ചിരുന്നത്.

പൗരത്വ ബിൽ ആരെയും വേദനിപ്പിക്കുകയോ, മത വികാരം വ്രണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് കോൺഗ്രെസ്സും, ലീഗും അറിയിച്ചിരിക്കുന്നത്.