തെക്കന്‍ പ്രവിശ്യയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു

മുന്‍ സൗദി ഭരണാധികാരി ഫൈസല്‍ രാജാവിന്റെ ജീവിതവും ധീരതയും നിലപാടുകളും തന്ത്രങ്ങളും വരച്ചുകാട്ടുന്ന സിനിമ ആദ്യമായി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ജിസാന്‍ ഡെപ്യൂട്ടി അമീര്‍ കാണുകയും ചെയ്തു.

ജിസാന്‍: സൗദി അറേബ്യയുടെ തെക്കുപ്രദേശത്തെ ആദ്യത്തെ സിനിമാ തിയേറ്ററിന്റെ ഉദ്ഘാടനം ജിസാന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അസീസ് രാജകുമാരന്‍ നിര്‍വ്വഹിച്ചു. ജിസാന്‍ സിറ്റിയിലെ അല്‍ റാഷിദ് മാള്‍ കോംപ്‌ളക്‌സിലാണ് സിനിമാ തിയേറ്ററുകള്‍ സംവിധാനിച്ചിട്ടുള്ളത്.

മുന്‍ സൗദി ഭരണാധികാരി ഫൈസല്‍ രാജാവിന്റെ ജീവിതവും ധീരതയും നിലപാടുകളും തന്ത്രങ്ങളും വരച്ചുകാട്ടുന്ന സിനിമ ആദ്യമായി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ജിസാന്‍ ഡെപ്യൂട്ടി അമീര്‍ കാണുകയും ചെയ്തു.

42 ദശലക്ഷം റിയാല്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ കോംപ്‌ളക്‌സില്‍ 80 മുതല്‍ 120 സീറ്റുവരെയുള്ള 10 തിയേറ്ററുകളാണ് ഒരുക്കിയിട്ടുള്ളത്. അതില്‍ രണ്ടു ഹാളുകള്‍ കുട്ടികളുടെ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുവാന്‍ ഉള്ളതാണ്.

ഉദ്ഘാടന ചടങ്ങുകളില്‍ ജിസാന്‍ പ്രവിശ്യ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി, മേയര്‍ അബ്ദുല്ല അല്‍ മുദൈമി, പ്രവിശ്യ ഗവര്‍ണ്ണര്‍ നായിഫ് ബിന്‍ സഈദാന്‍ തുടങ്ങിയവരും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.