പുകയില ഉപഭോഗം; സൗദി നിലപാടിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

2019 മുതല്‍ 2025 വരെയുള്ള ഏഴുവര്‍ഷം ലോകാരോഗ്യ സംഘടന പുകയിലയുടെ ഉപഭോഗത്തിനെതിരെ തന്ത്രപരമായ നിലപാടുകള്‍ സ്വീകരിച്ചുവരികനാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

റിയാദ്: പുകയിലയുടെയും ഉല്‍പന്നങ്ങളുടെയും ഉപഭോഗം കുറക്കുന്നതിന് ഈയിടെ സൗദി അറേബ്യ സ്വീകരിച്ച പുതിയ കാല്‍ വെപ്പുകളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. പുകയില ഉല്‍പന്നങ്ങള്‍ക്ക് മൂല്യ വര്‍ധിത നികുതി 100 ശതമാനമാക്കിയതും, സിഗരറ്റു പാക്കറ്റുകളില്‍ ടാക്‌സ് സീലുകള്‍ ഉപയോഗിച്ച് അടക്കുക വഴി നിയമവിരുദ്ധ കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും, പുകയില കമ്പനിക്കാരുടെ പ്രത്യേകം ഡിസൈന്‍ ചെയ്ത പാക്കറ്റുകള്‍ക്ക് പകരം എല്ലാ പുകയില കമ്പനികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഏകീകൃത പാക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതും പുകയില ഉപഭോഗം കുറഞ്ഞുവരുവാന്‍ കാരണമായതായി കണ്ടെത്തിയിരുന്നു.

സൗദി അറേബ്യ അടക്കമുള്ള ചില രാജ്യങ്ങള്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് സാധാരണ ഏകീകൃത പാക്കറ്റുകള്‍ നിര്‍ബന്ധമാക്കി പുകയില ഉപഭോഗത്തെ നിയന്ത്രിക്കുന്നതിനെടുത്ത നീക്കങ്ങള്‍ പ്രശസനീയമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുകയിലയുടെ ഉപഭോഗം കുറക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നിയമങ്ങള്‍ക്കെതിരെ പ്രതേകിച്ചു ഏകീകൃത പാക്കറ്റുകള്‍ക്കെതിരെ സിഗരറ്റ് കമ്പനിക്കാര്‍ വന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. പുതിയ സിഗരറ്റു പാക്കറ്റുകളോട് നിഷേധാത്മക നിലപാടാണ് കമ്പനിക്കാര്‍ സ്വീകരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി.

2019 മുതല്‍ 2025 വരെയുള്ള ഏഴുവര്‍ഷം ലോകാരോഗ്യ സംഘടന പുകയിലയുടെ ഉപഭോഗത്തിനെതിരെ തന്ത്രപരമായ നിലപാടുകള്‍ സ്വീകരിച്ചുവരികനാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

സിഗരറ്റു കമ്പനികള്‍ക്ക് നിര്‍ബന്ധമാക്കിയ പുതിയ സിഗരറ്റു പാക്കറ്റുകളില്‍ പുകവലി ആന്തരാവയവങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വ്യക്തമാക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു ചിത്രവും, ഇരുഭാഗത്തും വലിയ അക്ഷരത്തില്‍ ‘പുകവലി ഹൃദ്രോഗത്തിനും രക്തക്കുഴല്‍ രോഗത്തിനും കാരണമാവുന്നു” എന്നും എഴുതിവെക്കുകയും, പുകവലി നിര്‍ത്തുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ‘937’ എന്ന നമ്പറിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടുന്ന വിവരവും ചേര്‍ത്തിട്ടുണ്ട്. ഈ പാക്കറ്റുകള്‍ വിപണിയില്‍ എത്തിയതോടെ പുകയില ഉപഭോഗത്തില്‍ കുറവുകള്‍ കണ്ടെത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.