‘സ്വയം അവലോകനം’ ചെയ്യാത്ത സ്ഥാപനങ്ങളുടെ സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെക്കുവാന്‍ തുടങ്ങി

17 മാനദണ്ഡങ്ങളിലായാണ് സ്വയം മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. അതില്‍ അഞ്ചെണ്ണം സംരംഭവുമായി ബന്ധപ്പെട്ടതാണ്. ആറെണ്ണം തൊഴിലാളികളുമായി ബന്ധപ്പെട്ടതും അവസാനത്തെ ആറെണ്ണം ചില പ്രത്യേക വിഭാഗങ്ങളിലെ തൊഴിലുമായി ബന്ധപ്പെട്ടതുമാണ്.
റിയാദ്: സ്വയം മൂല്യ നിര്‍ണ്ണയം ചെയ്യാത്ത സൗദിയിലെ മുഴുവന്‍ വന്‍കിട, ഇടത്തരം സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചു തുടങ്ങി. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് സേവനങ്ങള്‍ റദ്ദ് ചെയ്ത് തുടങ്ങിയത്. സ്വയം മൂല്യനിര്‍ണ്ണയം നടത്താത്ത സ്ഥാപനങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് നേരത്തെ ഒന്നിലധികം പ്രാവശ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ ഒന്ന് ഞായറാഴ്ചക്കുള്ളില്‍ സ്ഥാപനങ്ങള്‍ ‘സ്വയം അവലോകനം’ ചെയ്യണമെന്നായിരുന്നു മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നത്.
സൗദിയിലെ എല്ലാ സ്ഥാപനങ്ങളും ‘സ്വയം അവലോകനം’ നടത്തുവാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുകയും അതിനായി മൂന്ന് മാസത്തെ കാലാവധി നല്‍കുകയും ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിനുള്ളില്‍ അവലോകനം നടത്തുവാനുള്ള സമയമാണ് അവസാനിച്ചിരിക്കുന്നത്.
സൗദിയിലെ സംരഭങ്ങള്‍ കൂടുതല്‍ സുതാര്യമായിരിക്കുക, തൊഴില്‍ നിയമങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തന അന്തരീക്ഷം മെച്ചപ്പെടുത്തുക, തൊഴില്‍ വ്യവസ്ഥയുമായി ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുക, നിയമ വിരുദ്ധമായ കാര്യങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സ്വയം വിലയിരുത്തല്‍ പദ്ധതി മന്ത്രാലയം നടപ്പാക്കുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഔദ്യോഗീക വക്താവ് ഖാലിദ് അബുല്‍ ഖൈല്‍ വ്യക്തമാക്കി.
17 മാനദണ്ഡങ്ങളിലായാണ് സ്വയം മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. അതില്‍ അഞ്ചെണ്ണം സംരംഭവുമായി ബന്ധപ്പെട്ടതാണ്. ആറെണ്ണം തൊഴിലാളികളുമായി ബന്ധപ്പെട്ടതും അവസാനത്തെ ആറെണ്ണം ചില പ്രത്യേക വിഭാഗങ്ങളിലെ തൊഴിലുമായി ബന്ധപ്പെട്ടതുമാണ്.
ഓരോ സ്ഥാപനങ്ങളും ‘സ്വയം അവലോകനം’ നടത്തുന്നതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ ഓണ്‍ലൈനില്‍ കൊടുത്ത വിവരങ്ങള്‍ അനുസരിച്ചായിരിക്കും തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുക. അതിനാല്‍ കൃത്യമായും ശരിയായതും ഉറപ്പുള്ളതുമായ വിവരങ്ങള്‍ മാത്രമേ നല്‍കാവൂ എന്നും മാത്രാലയം മുന്നറിയിപ്പ് നല്‍കി.






