യുദ്ധത്തടവുകാരായ 200 ഹൂത്തി സൈനികരെ വിട്ടയക്കാന്‍ സഖ്യസേനയുടെ തീരുമാനം

യുദ്ധത്തടവുകാരായ ഹൂത്തികളെ വിട്ടയക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള തീരുമാനം വിശുദ്ധ ഇസ്‌ലാമിന്റെ നിലപാടാണെന്നും അറബ് സമൂഹത്തിന്റെ പൈതൃക പാരമ്പര്യമാണെന്നും അന്താരാഷ്ട്ര കാരാറിന്റെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണെന്നും കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
റിയാദ്: യമനിലെ സുസ്ഥിര ഭരണത്തിനെതിരെ കലാപം അഴിച്ചുവിടുന്ന ഹൂത്തികളായ 200 തടവുകാരെ വിട്ടയക്കുവാന്‍ യമന്‍ വീണ്ടെടുപ്പിനായി രൂപീകരിച്ച സൗദിയുടെ നേത്രത്വത്തിലുള്ള സഖ്യ സേന തീരുമാനിച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
കൂടാതെ ഗുരുതര പരിക്കുകള്‍ ഏറ്റിട്ടുള്ള സൈനികരെ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ചികിത്സിക്കുന്നതിന് യമനിലെ സനായില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുവാനും സഖ്യസേന തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തടവുകാരായ ഹൂത്തികളെ വിട്ടയക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള തീരുമാനം വിശുദ്ധ ഇസ്‌ലാമിന്റെ നിലപാടാണെന്നും അറബ് സമൂഹത്തിന്റെ പൈതൃക പാരമ്പര്യമാണെന്നും അന്താരാഷ്ട്ര കാരാറിന്റെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണെന്നും കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
പരസ്പരമുള്ള തടവുകാരുടെ കൈമാറ്റ വിഷയത്തില്‍ വിവാദപരമായ ഏതെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് മറികടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ഈ തീരുമാനം കൊണ്ട് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുക വഴി യമനികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും സഖ്യസേന മുന്നില്‍ കാണുന്നുണ്ട്. യമനിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 ന് സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്‌ഹോമില്‍ വെച്ച് അംഗീകരിച്ച കരാര്‍ നടപ്പാക്കുവാന്‍ സഖ്യസേന ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.