ബഹുസ്വരതയിലൂടെയും സാഹിത്യ സംസ്‌കാരണത്തിലൂടെയും ഫാസിസത്തെ ചെറുക്കുക: ഇസ്ര

ജിദ്ദ: ഇന്ത്യയുടെ ചരിത്രവും ബഹുസ്വരമായ സാഹിത്യ സംസ്‌കാരവുമാണ് ഫാസിസത്തിന് പ്രധാന ശത്രുക്കള്‍. ഇവ രണ്ടിനെയും ആണ് ഫാസിസ്റ്റുകള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്. ചരിത്രം പറഞ്ഞു കൊണ്ടേയിരിക്കുക സാഹിത്യത്തെ സജീവമാക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റെില്‍ നടന്ന ഇന്റര്‍ഗ്രേറ്റഡ് സൊസൈറ്റി ഫോര്‍ റിസര്‍ച്ച് അനലൈസ് (ഇസ്ര) യുടെ രണ്ടാമത് ഇന്റലക്ച്ചല്‍ പാര്‍ലെ അഭിപ്രായപ്പെട്ടു. ‘സാഹിത്യം; ഫാസിസം പ്രതിരോധം’ എന്ന വിഷയത്തെ അധികരിച്ചു സലീം ചളവറ പ്രബന്ധം അവതരിപ്പിച്ചു.
ഫാസിസം വളരുന്നത് ജനാധിപത്യത്തിലൂടെ ആണ്. ഇതിനെ വേര്‍തിരിച്ച കാണാന്‍ നമ്മള്‍ ജാഗരൂകരായി ഇരിക്കേണ്ടതുണ്ട്. ഈ മനോനിലയെയാണ് സംസ്‌കാരികമായി നമ്മള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത്. ഭൂരിപക്ഷഹിതം ജനാധിപത്യം അല്ല. അത് ഫാസിസവും ആവാം. അപരന്റെ സ്വാതത്ര്യം ജനാധിപത്യമാണെങ്കില്‍ അപരന്‍ അപകടം ആവുന്നതാണ് ഫാസിസം. അപരനെ, ഇതര ആശയത്തെ ഇല്ലായ്മ ചെയ്യുക എന്നത് മാത്രമാണ് ഫാസിസത്തിന്റെ അജണ്ട. എഴുത്തിലൂടെയും വായനയിലൂടെയും ഉള്ള സാംസ്‌കാരിക ചെറുത്ത് നില്‍പ്പുകളിലൂടെയും വരും തലമുറയിലടക്കം ബഹുസ്വരത വളര്‍ത്തിയെടുക്കുന്നതിലൂടെയും മാത്രമേ ഒരു പരിധി വരെ ഫാസിസത്തെ ചെറുക്കാന്‍ കഴിയൂ എന്ന് അവതരിപ്പിച്ച പ്രബന്ധത്തിലുടെ സലീം ചളവറ പറഞ്ഞു.
പുസ്തക ചര്‍ച്ചയില്‍ ഫൈസല്‍ കൊണ്ടോട്ടിയുടെ ചെമ്പകക്കൊമ്പിലെ ‘പ്യൂപ്പ’ എന്ന നോവലിനെ പരിചയപ്പെടുത്തി. മലയാളത്തിലെ ജാതി ലക്ഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്ക് അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍ നേതൃത്വം നല്‍കി.
ടാലന്റ് ടൈമില്‍ നസീം സലാം തന്റെ കവിത അവതരിപ്പിച്ചു. അതോടൊപ്പം ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം പങ്കുവെക്കുന്ന കവിയത്രി സുഹറ പടിപ്പുറയുടെ ‘രാജ്യദ്രോഹി’ എന്ന കവിതയുടെ ആസ്വാദനം അവതരിപ്പിച്ചു.
വിവിധ ചര്‍ച്ചകളില്‍ മൊയ്തു വെളിയഞ്ചേരി, സലാഹ് കാരാടന്‍, അബ്ദുല്‍ ഗനി, സക്കീന ഓമശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. പ്രിന്‍സാദ് പാറായി അധ്യക്ഷത വഹിച്ചു. ഷക്കീല്‍ ബാബു സ്വാഗതവും ബരീറ അബ്ദുല്‍ ഗനി നന്ദിയും പറഞ്ഞു.






