പെട്രോൾ പമ്പുകളിൽ വാണിജ്യ മന്ത്രാലയത്തിന്റെ കർശന പരിശോധന

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലെ നിരവധി പെട്രോള്‍ സ്‌റ്റേഷനുകളില്‍ സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം കര്‍ശന പരിശോധന നടത്തി. പെട്രോള്‍ പമ്പുകളുടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച വില തന്നെയാണോ ഇന്ധനങ്ങള്‍ക്ക് ഈടാക്കുന്നതെന്ന് ഉറപ്പുവരുത്തുവാന്‍ വേണ്ടിയിരുന്നു പരിശോധന നടത്തിയത്.

സൗദിയുടെ വിവിധ ഭാഗങ്ങളിലായി 463 ഇന്ധന സ്‌റ്റേഷനുകള്‍ പരിശോധ നടത്തി. പരിശോധനയില്‍ ചില നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും പരിശോധന റിപ്പോര്‍ട്ട് രണ്ട് ദിവസങ്ങള്‍ക്കകം പുറത്തുവിടുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സ്‌റ്റേഷനുകളുടെ സ്‌ക്രീനുകളില്‍ പരസ്യപ്പെടുത്തിയ വിലകളുമായി ഇന്ധനത്തിന് ഈടാക്കുന്ന വില യോജിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ തുടരുമെന്നും ഉപഭോക്താക്കളുടെ പരാതികളും നിയമ ലംഘന വിവരങ്ങളും സ്വീകരിക്കുമെന്നും നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.

നിരക്കുകളില്‍ വ്യത്യാസം കണ്ടെത്തുന്ന മുറക്ക് വാണിജ്യ മന്ത്രാലയത്തിന്റെ ആപ്‌ളിക്കേഷന്‍ വഴിയോ, 1900 എന്ന നമ്പറില്‍ മന്ത്രാലയത്തിന്റെ ഉപഭോക്തൃ റിപ്പോര്‍ട്ടിംഗ് കേന്ദ്രത്തിലേക്ക് വിളിക്കുകയോ, അതുമല്ലെങ്കില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഇന്ധന ഉപഭോക്താക്കളോടും മന്ത്രാലയം ആവശ്യപ്പെട്ടു.