മഹാ നാടകത്തില്‍ സുപ്രീം കോടതി വിധി ബിജെപിക്ക് ആശ്വാസം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ വീണ്ടും കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഫട്‌നാവിനോടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും കോടതി ആവശ്യപ്പെട്ടു.
ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ആണ് സുപ്രീംകോടതിയില്‍ കേസ് നല്‍കിയത്. ജസ്റ്റിസുമാരായ എന്‍ വി രമണാ, അശോക് ഭൂഷന്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
ബിജെപി എന്‍സിപി സഖ്യം ഉണ്ടാക്കി ഭരണം നടത്തുന്നതിനായി ഗവര്‍ണര്‍ സ്വീകരിച്ച നടപടി റദ്ധ് ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് 24 മണിക്കൂറിനുള്ളില്‍ അവിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവ് ഇറക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്്. ഭരണഘടനാ തത്വങ്ങള്‍ പാലിക്കാതെയാണ് കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപി അധികാരത്തില്‍ എത്തിയത് എന്നാണ് പ്രധാന ആരോപണം. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തേണ്ടതില്ല എന്ന കോടതി വിധി ബിജെപിക്ക് തങ്ങളുടെ നിലയുറപ്പിക്കുന്നതിന് ആശ്വാസകരമായി.






