ലോകത്തെ ഏറ്റവും ഉയരമുള്ള തൂക്കുപള്ളിയുടെ നിര്‍മ്മാണം മക്കയില്‍ പൂര്‍ത്തിയായി.

161 മീറ്റര്‍ ഉയരം, 40 മീറ്റര്‍ നീളം, 10 മീറ്റര്‍ വീതി. 400 പേര്‍ക്ക് നിസ്‌കരിക്കുവാനുള്ള സൗകര്യം

മക്ക: ലോകത്തെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന തൂക്കുപള്ളിയുടെ നിര്‍മ്മാണം മക്കയില്‍ പൂര്‍ത്തിയായി. വിശുദ്ധ മക്കയിലെ ജബല്‍ ഉമര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തൂക്കു പള്ളി രണ്ടു ടവറുകള്‍ക്കിടയിലാണ് ഘടിപ്പിച്ചിട്ടുള്ളത്.

40 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ചിരിക്കുന്ന തൂക്കു പള്ളിയില്‍ 400 പേര്‍ക്ക് ഒരേസമയം നിസ്‌കരിക്കുവാനുള്ള സൗകര്യം പള്ളിയിലുണ്ട്. ചെറിയ വൈബ്രെഷന്‍ പോലുള്ള ചലനങ്ങളെ ആഗിരണം ചെയ്യാവുന്ന രീതിയിലാണ് ഈ തൂക്കുപള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

വിശുദ്ധ കഅബാലയത്തെ മറയില്ലാതെ വീക്ഷിക്കുവാനും ഹറം പള്ളിയില്‍ നടക്കുന്ന ജമാഅത്ത് നിസ്‌കാരങ്ങള്‍ കണ്ടും കേട്ടും അനുഭവിക്കുവാനും ഇതിലൂടെ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വിശുദ്ധ ഹറം പള്ളിയില്‍ നിന്നും മക്കയിലെ ഹറമൈന്‍ അതിവേഗ റെയില്‍വേ സ്‌റ്റേഷനിലേക്ക് നയിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് നടപ്പാതയുടെ ഓരം ചേര്‍ന്ന് നില്‍ക്കുന്ന ജബല്‍ ഉമര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ഇരട്ട ഗോപുരങ്ങള്‍ക്കിടയിലാണ് തൂക്കു പള്ളി ഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തിലാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിയത്.