ദിര്‍ഇയ സീസണ് തുടക്കം; ഫോര്‍മുല ഇ-പ്രി കാറോട്ട മത്സരം ആരംഭിച്ചു

റിയാദ്: ദിര്‍ഇയ സീസണ്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഫോര്‍മുല ഇ-പ്രി കാറോട്ട മത്സരം ആരംഭിച്ചു. രണ്ടാമത് കാറോട്ട മത്സരത്തിന് സാക്ഷിയാകുവാന്‍ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സന്നിഹിതനായിരുന്നു.
റിയാദിലെ ദിര്‍ഇയ സിറ്റിയിലാണ് ഇലക്ര്ടിക് കാറുകള്‍ക്കുള്ള എ.ബി.ബി ഫോര്‍മുല ഇ’യുടെ ഓപണിംഗ് റൗണ്ട് തുടങ്ങിയത്. ബഹ്‌റൈന്‍ കിരീടാവകാശിയും സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ രാജകുമാരന്‍, ബഹ്‌റൈന്‍ രാജാവിന്റെ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ഖലീഫ, ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി മാറ്റിയൊ റെന്‍സി, യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, കുവൈത്ത് ഒളിംപിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ഫഹദ് ബിന്‍ നാസിര്‍ അല്‍സ്വബാഹ്, കുവൈത്ത് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം തുടങ്ങിയവര്‍ ”എ.ബി.ബി ഫോര്‍മുല ഇ” ഓപണിംഗ് റൗണ്ടിന് സാക്ഷികളാവാന്‍ എത്തിയിരുന്നു.
ഇന്റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ ആണ് ‘എ.ബി.ബി ഫോര്‍മുല ഇ’ സംഘടിപ്പിക്കുന്നത്.






