പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അലംഭാവം കാട്ടിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മരണത്തിനിടയാക്കിയ സംഭവം സര്‍ക്കാര്‍ വളരെ ഗൗരത്തോടെയാണ് കാണുന്നത്. കൃത്യസമയത്ത് കുട്ടിക്ക് ചികിത്സ നല്‍കാതെ അലംഭാവം കാട്ടിയ അധ്യാപകര്‍ക്ക് നേരെ ഉടനെ നടപടിയെക്കുമെന്നും അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കിലെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായ ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകര്‍. ഷെഹല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്.

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്യുമെന്നാണ് ഫെയ്‌സ് ബുക്ക് കുറിപ്പ്.