ദര്‍ഇയ കവാടത്തിന് സല്‍മാന്‍ രാജാവ് ശിലപാകി

റിയാദ്: സൗദിയുടെ സാംസ്‌കാരിക പൈതൃക നഗരിയായ ദര്‍ഇയയുടെ പുനരുദ്ധാരണത്തിനും വീണ്ടെടുപ്പിനുമുള്ള പദ്ധതിയുടെ കവാടത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ശിലപാകി. ‘സൗദിയുടെ രത്‌നം’ എന്ന പേരില്‍ അറിയപ്പെടുന്ന ദര്‍ഇയ നഗരം ചരിത്ര നഗരിയില്‍ നിന്ന് ടൂറിസം മേഖലയിലേക്ക് പരിവര്‍ത്തനപ്പെടുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃക നഗരത്തെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിലൂടെ ദര്‍ഇയയെ ഭൂമിശാസ്ത്രവും പൗരാണിക ചരിത്രവും ഉള്‍ക്കൊള്ളുന്ന അന്തര്‍ദേശീയ ടുറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടപ്പിലാക്കുന്നത്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ റിയാദ് ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, റിയാദ് ഡെപ്യുട്ടി ഗവര്‍ണ്ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍, സൗദി സാംസ്‌കാരിക മന്ത്രി അമീര്‍ ബദര്‍ ബിന്‍ അബ്ദുല്ല തുടങ്ങിയവും മറ്റു ഉന്നത ഉദ്യോഗസ്ഥരും വേദിയിലേക്ക് ആനയിച്ചു.
വേദിയില്‍ വെച്ച് ദര്‍ഇയയുടെ ഏഴ് കവാടങ്ങളുടെയും ആനിമേഷന്‍ രാജാവ് വീക്ഷിച്ചു. ശേഷം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനില്‍ നിന്നും തറക്കല്ല് ഇടുന്നതിനുള്ള ശില വാങ്ങുകയും ‘രാഷ്ട്രത്തിന്റെ രത്‌നം’ എന്ന് ഉല്ലേഖനം ചെയ്യപ്പെട്ട കല്ല് പാകുകയും ചെയ്തു.

ആധുനിക സൗദിയുടെ രണ്ടാം പിതാവ് എന്നറിയപ്പെടുന്ന ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ളയുടെ വാള്‍ രാജാവ് വീക്ഷിച്ചു. ശേഷം രാജാവ് രാത്രി ഭക്ഷണം കഴിച്ചു യാത്ര പറഞ്ഞു.

64 ബില്യണ്‍ റിയാലിന്റെ വന്‍ പദ്ധതിയാണ് ദര്‍ഇയ. സൗദിയുടെ പിറവിയും വളര്‍ച്ചയും ദര്‍ഇയയില്‍ നിന്നാണ് തുടങ്ങുന്നത്. ആല്‍ സഊദ് കുടുംബവും തറവാടും പൗരാണിക വീടുകളും സൗദിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടയാളപ്പെടുത്തുന്ന നിരവധി ചരിത്ര ശേഷിപ്പുകളും ദര്‍ഇയയുടെ പ്രത്യേകതയാണ്.

ദര്‍ഇയയുടെ ചരിത്രം വീരോചിതമായ ഇതിഹാസങ്ങള്‍ നിറഞ്ഞതാണ്. ചരിത്രത്തില്‍ ആഴത്തിലുള്ള വേരുകള്‍ നിറഞ്ഞ ഭൂതകാലം ദര്‍ഇയക്കുണ്ടായിരുന്നു. രാജകുടുംബത്തിന്റെ തുടര്‍ച്ചയായ പാരമ്പര്യത്തിന്റെ കേന്ദ്രമാണ് ദര്‍ഇയ. പല ഭരണങ്ങളായി നിലനിന്നുപോന്ന സൗദിയെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്ത ചരിതം ദര്‍ഇയയില്‍ നിന്നാണ് തുടങ്ങിയത്

ഹിജ്‌റ വര്‍ഷം 1157, കൃസ്തുവര്‍ഷം 1744-ല്‍ ദര്‍ഇയ എമിറേറ്റിന്റെ അധികാരം നേത്രഗുണവും ദീര്‍ഘദൃഷ്ടിയുമുള്ള ഇമാം മുഹമ്മദ് ബിന്‍ സഊദ് ഏറ്റെടുത്തു. ശേഷം ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. അറേബ്യന്‍ ഉപദ്വീപിന്റെ ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായമായി. പിന്നീട് സൗദിയുടെ മറ്റുള്ള പ്രദേശങ്ങളിലുള്ളവരെയും കൂടി ചേര്‍ത്ത് ഒരു ഐക്യ രാഷ്ട്രം നിര്‍മ്മിച്ചു. തല്‍ഫലമായി ദര്‍ഇയ നഗരം വിശാലമായ ഒരു രാജ്യത്തിന്റെ തലസ്ഥാനമായി മാറി. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, ബൗദ്ധിക, സാംസ്‌കാരിക സ്രോതസ്സായി.

വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു. അറേബ്യന്‍ ഉപദ്വീപില്‍ അറിയപ്പെടുന്ന ഏറ്റവും വലിയ സംവിധാനങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഭദ്രമാക്കി. വിദ്യ അഭ്യസിക്കുവാനും ഗ്രമ്പങ്ങള്‍ രചിക്കുവാനും താല്പര്യമുള്ളവര്‍ ദര്‍ഇയയിലേക്ക് ഒഴുകാന്‍ തുടങ്ങി. ധാരാളം പണ്ഡിതരും വിദ്യാര്‍ത്ഥികളും ദര്‍ഇയയില്‍ വന്നു. കാലിഗ്രഫിയിലും ട്രാന്‍സ്‌ക്രിപ്ഷനിലും പുതിയ വിദ്യാലയം ഉയര്‍ന്നുവന്നു.

1931 സെപ്റ്റംബര്‍ 23(1351 ജുമാദല്‍ അവ്വല്‍ മാസം പതിനേഴാം തീയതി), 30 വര്‍ഷക്കാലം നീണ്ടുനിന്ന ഒരു ചരിത്ര ഇതിഹാസത്തിന് ശേഷം അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ രാജാവ് സൗദി അറേബ്യ സ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാര്‍ രാജ്യത്തിന്റെ അഖണ്ഡതയും സ്ഥിരതയും ഔന്നിത്യവും കൈമുതലാക്കി സൗദി അറേബ്യയെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തി അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ദിരിയ നഗരം വഹിച്ച ഈ വീര ഇതിഹാസങ്ങളുടെ ബഹുമാനാര്‍ത്ഥം, സൗദി രാഷ്ട്രം സ്ഥാപിതമായതു മുതല്‍ ഇന്നുവരെ അത് വഹിച്ച മഹത്തായ ദൗത്യങ്ങളും, ധീരരായ പൂര്‍വ്വികരുടെ പാരമ്പര്യവും സംരക്ഷിക്കുന്നതിനായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അവ നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.