അബഷിര്‍ വഴി രണ്ട് കോടിയോളം സേവനങ്ങള്‍ ചെയ്തതായി പാസ്‌പോര്‍ട്ട് വിഭാഗം

– ‘അബഷിര്‍’ വഴി വിദേശികളുടെ റീഎന്‍ട്രി വിസയുടെ കാലാവധി നീട്ടുവാനുള്ള സൗകര്യം താമസിയാതെ ഉണ്ടാവും.
– 50 ലക്ഷം ഇഖാമകള്‍ പുതുക്കി. പത്ത് ലക്ഷം ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യു ചെയ്തു.
റിയാദ്: പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിഭാഗം ഒരു വര്‍ഷത്തിനിടയില്‍ 19,647,807 സേവനങ്ങള്‍ ‘അബഷിര്‍’ പോര്‍ട്ടലിലൂടെ ചെയ്തതായി സൗദി പാസ്സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. വിദേശികളുടെ ഇഖാമ പുതുക്കുകയും വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ് ഇഷ്യു ചെയ്‌യുകയും ചെയ്തതാണ് ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങള്‍. ഒരു വര്‍ഷത്തിനിടയില്‍ 5,261,030 ഇഖാമകള്‍ പുതുക്കുകയും, 1,074,962 ഫൈനല്‍ എക്‌സിറ്റ് ഇഷ്യു ചെയ്യുകയുമുണ്ടായി.
നിലവില്‍ ‘അബഷിര്‍’ സംവിധാനം മുപ്പതിലധികം സേവനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചെയ്യുന്നുണ്ടെന്നും താമസിയാതെ തന്നെ മറ്റു ചില സേവനങ്ങള്‍കൂടി ‘അബഷിര്‍’ വഴി ലഭ്യമാക്കുമെന്നും, പാസ്‌പോര്‍ട്ട് അതോറിറ്റി സാങ്കേതിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ഖാലിദ് ഹമദ് അല്‍ സീഖാന്‍ വ്യക്തമാക്കി. 15 വയസിനു താഴെയുള്ള സ്വദേശികളുടെ പാസ്‌പോര്‍ട്ട് പുതുക്കുക, വിദേശ മന്ത്രാലയം ഓഫീസുകളിലേക്ക് പോകാതെതന്നെ വിദേശികളുടെ റീഎന്‍ട്രി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുക തുടങ്ങിയ സേവനങ്ങള്‍ താമസിയാതെ അബഷിര്‍ വഴി നല്‍കിത്തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അബഷിര്‍’ സംവിധാനം തുടക്കം കുറിച്ചപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്നും എത്രയോ ഇരട്ടി ഇപ്പോള്‍ വികാസം പ്രാപിച്ചു. ആദ്യകാലത്തു ‘അബഷിര്‍’ സംവിധാനത്തിലൂടെ വിദേശികളുടെ റീ എന്‍ട്രി വിസ നല്‍കുന്ന ഒരേഒരു സേവനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശേഷം ‘അബഷിര്‍’ സംവിധാനത്തിലൂടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടങ്ങി. പാസ്സ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓരോ സേവനങ്ങളും ഇലക്‌ട്രേണിക് സംവിധാനത്തിലേക്ക് മാറ്റുകയുണ്ടായി. ധാരാളം സമയംകൊണ്ട് പൂര്‍ത്തിയാക്കേണ്ട സേവനങ്ങള്‍ ‘അബഷിര്‍’ വഴി വളരെ എളുപ്പത്തിലും വേഗതയിലും സംവിധാനിച്ചു. ‘അബഷിര്‍’ സാവിധാനം ലളിതമായി ഉപയോഗിക്കുന്നതിന് സ്വദേശികള്‍, വിദേശികള്‍, കമ്പനികള്‍ എന്നിങ്ങനെ ഗുണഭോക്താക്കളെ മൂന്നായി തരംതിരിച്ചു.
കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ ഒരു കോടി 20 ലക്ഷം പേര്‍ ‘അബഷിര്‍’ ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി. ബുക്ക് ചെയ്ത വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണവും സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്കുള്ള നിയമലംഘനത്തെ കുറിച്ചുള്ള അന്വേഷണവും അതിര്‍ത്തി നമ്പറുകളെകുറിച്ചുള്ള അന്വേഷണവും ഈയിടെ പുതുതായി ‘അബഷിര്‍’ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹിജ്‌റ വര്‍ഷം 1440 ല്‍ ‘അബഷിര്‍’ സേവനങ്ങളുടെ സംക്ഷിപ്തം ഇപ്രകാരമാണ്:
വിദേശികളുടെ ഇഖാമകള്‍ പുതുക്കിയത്: 5261030, റീ എന്‍ട്രി ഇഷ്യു ചെയ്തതത് 5006714, സ്വദേശികളുടെ പാസ്സ്‌പോര്‍ട്ട് ഇഷ്യു ചെയ്തത് 240995, വിദേശികളുടെ ഇഖാമ ഇഷ്യു ചെയ്തത് 742959, ഫൈനല്‍ എക്‌സിറ്റ് 1074962, വിദേശികളെ ഹുറൂബ് ചെയ്തത് 73411, സ്വദേശികളുടെ പാസ്‌പോര്‍ട്ട് പുതുക്കിയത് 708205, ഹജജ് പെര്‍മിറ്റ് അനുവദിച്ചത് 8821 വിദേശികളുടെ പാസ്‌പോര്‍ട്ട് ഡാറ്റാ അപ്‌ഡേറ്റ് ചെയ്തത് 934769, സ്വദേശികള്‍ക്ക് യാത്രരേഖ നല്‍കിയത് 1244987, വിദേശികളുടെ പ്രഫഷന്‍ മാറ്റിയത് 89605, മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിരേഖ നല്‍കിയത് 7142, സൈനികര്‍ക്ക് യാത്രാരേഖ നല്‍കിയത് 216467, വിസിറ്റിങ് വിസയുടെ കാലാവധി നീട്ടിയത് 1150711, വിദേശ തൊഴിലാളികളായ സ്ത്രീകളെ സ്വീകരിക്കുന്നതിന് ‘തഫ്‌വീള്’ (ചുമതലപ്പെടുത്തിയത്) 161922, പാസ്‌പോര്‍ട്ട് വിഭാഗത്തിന് രേഖകള്‍ നല്‍കിയത് 314853, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സന്ദര്‍ശിക്കുന്നതിന് ചുമതലപ്പെടുത്തിയത് 249037, പാസ്‌പോര്‍ട്ട് വിഭാഗം അപ്പോയ്ന്‍മെന്റ് നല്‍കിയത് 565418, ഇലക്രേ്ടാണിക് സേവനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയത് 218435, സേവനങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയത് 569528, വിദേശികളുടെ പാസ്‌പോര്‍ട്ട് പ്രിന്റ് നല്‍കിയത് 746255.






