റിയാദില്‍ ശൈത്യകാലത്ത് സ്‌കൂള്‍ സമയം മാറ്റണമെന്ന് അധ്യാപകരും രക്ഷിതാക്കളും

ശൈത്യകാലത്ത് സമയക്കുറവിന്റെ പ്രയാസം നേരിടുന്നുണ്ട്. സൂര്യോദയത്തിനും സ്‌കൂളുകളിലെ പ്രഭാത അസംബ്‌ളിക്കിടയിലും കേവലം 20 മിനുട്ട് മാത്രമേ സമയമുള്ളൂവെന്ന് അധ്യാപകരും രക്ഷിതാക്കളും

റിയാദ്: സ്‌കൂളുകളില്‍ വര്‍ഷം മുഴുവനും ഏകീകൃത സമയം എന്ന തീരുമാനം പുന:ശ്ശപരിശോധിക്കണമെന്ന് റിയാദ് വിദ്യാഭ്യാസ വിഭാഗത്തിനോട് അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. ശൈത്യകാലത്തും അന്തരീക്ഷം തണുപ്പുള്ള സീസണിലും സ്‌കൂള്‍ സമയം പിന്തിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ശൈത്യകാലത്ത് സമയക്കുറവിന്റെ പ്രയാസം നേരിടുന്നുണ്ട്. സൂര്യോദയത്തിനും സ്‌കൂളുകളിലെ പ്രഭാത അസംബ്‌ളിക്കിടയിലും കേവലം 20 മിനുട്ട് മാത്രമേ സമയമുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

ശീതകാല സമയത്ത് രാജ്യത്തെ മറ്റു പ്രവിശ്യകളിലുള്ളപോലെ രാവിലെ 7.15 നു സ്‌കൂള്‍ ആരംഭിക്കണമെന്നാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാരണം റിയാദില്‍ സൂര്യോദയം 6:11, 6:12 സമയങ്ങളിലാണ്. സ്‌കൂള്‍ സമയം ആരംഭിക്കുന്നത് 6:30നും. അതായത് സൂര്യനുദിച്ചു സ്‌കൂളുകള്‍ തുടങ്ങുവാന്‍ വെറും 18, 19 മിനുട്ടുകള്‍ മാത്രം.
ശൈത്യകാലത്ത് റിയാദ് ഗവര്‍ണറേറ്റുമായി ഏകോപിച്ചു സ്‌കൂള്‍ സമയം നിശ്ചയിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വിഭാഗം 2016 ല്‍ അറിയിച്ചിരുന്നു.

താമസിയാതെ തന്നെ റിയാദിലെ മഴയും തണുപ്പും പരിഗണിച്ചു സ്‌കൂള്‍ സമയങ്ങളില്‍ ശീതകാല സമയമാറ്റം ഉണ്ടാവണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നത്. അല്ലാതിരുന്നാല്‍ സമയക്കുറവുകാരണം സ്‌കൂള്‍ തുടങ്ങുമ്പോള്‍ മിക്ക കുട്ടികള്‍ക്കും സ്‌കൂളുകളില്‍ എത്തപ്പെടാന്‍ സാധിക്കാതെ വരുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ശീതകാലത്ത് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താതിരുന്നാല്‍ അധ്യാപികമാര്‍ക്കും കുട്ടികളുടെ ഉമ്മമാര്‍ക്കും വലിയ പ്രയാസം നേരിടുമെന്ന് റിയാദിലെ ഗേള്‍സ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി പറഞ്ഞു. കൂടാതെ ബസ് ഡ്രൈവര്‍മാര്‍ സമയക്കുറവ് കാരണം പ്രയാസപ്പെടുന്നുവെന്നും അവര്‍ പ്രഭാത നിസ്‌കാരത്തിന് മുമ്പുതന്നെ വാഹനത്തില്‍ കയറേണ്ട അവസ്ഥയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സ്‌കൂള്‍ സമയം തുടങ്ങുന്നത് റിയാദില്‍ 6.30 നും വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ 8 മണിക്കും ബാക്കിയുള്ള എല്ലാ പ്രവിശ്യകളിലും 7.15 നുമാണ്.