ഫൗണ്ടേഷന്‍ വിസകള്‍ക്ക് “സ്വദേശിവല്‍ക്കരണം” നിര്‍ബന്ധമില്ല; വിസകള്‍ അടുത്തമാസത്തോടെ അനുവദിച്ചു തുടങ്ങും

പുതിയ സംരംഭങ്ങള്‍ തുടങ്ങി 12 മാസം വരെ സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെടില്ല. ഈ കാലയളവ് സ്ഥാപനം സുസ്ഥിരമാക്കുവാനുള്ള സമയമാണ്. 12 മാസം കഴിഞ്ഞതിനു ശേഷം സ്ഥാപനം അനുയോജ്യമായ കാറ്റഗറിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടേണ്ടതുണ്ട്.

ഹായില്‍: സൗദി തൊഴില്‍ വിപണിയെ സ്വദേശിവല്‍കരണത്തില്‍ നിന്നും മോചിപ്പിക്കുകയാണെന്ന് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയര്‍ അഹമദ് അല്‍ റാജിഹി അറിയിച്ചു. അടുത്തമാസം മുതല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ “ഖുവാ” പോര്‍ട്ടറിലൂടെ സ്ഥാപനങ്ങള്‍ക്കുള്ള ഫൗണ്ടേഷന്‍ വിസകള്‍ അനുവദിക്കുമെന്നും ആ വിസകള്‍ക്ക് സൗദി ജീവനക്കാര്‍ ഉണ്ടാവണമെന്ന് നിബന്ധനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സംരംഭങ്ങള്‍ തുടങ്ങി 12 മാസം വരെ സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെടില്ല. ഈ കാലയളവ് സ്ഥാപനം സുസ്ഥിരമാക്കുവാനുള്ള സമയമാണ്. 12 മാസം കഴിഞ്ഞതിനു ശേഷം സ്ഥാപനം  അനുയോജ്യമായ കാറ്റഗറിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടേണ്ടതുണ്ട്.

ഹായിലിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ സൗദി സംരംഭക യോഗത്തില്‍ സംസാരിക്കുകയായിരുന്നു തൊഴില്‍ മന്ത്രി ഇഞ്ചിനീയര്‍ അഹമദ് അല്‍ റാജിഹി. തൊഴില്‍ വിപണിയില്‍ സംരംഭകര്‍ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രതിസന്ധികള്‍ വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സംരംഭകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു.

തൊഴില്‍ വിപണി സുതാര്യമാക്കുവാന്‍ മന്ത്രാലയം 68 പദ്ധതികള്‍ കഴിഞ്ഞ മാസങ്ങളില്‍ പൂര്‍ത്തിയാക്കിയതായും ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നതിനായി 32 പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും കൂടാതെ ആരോഗ്യ കാര്‍ഷിക മേഖലകളില്‍ അഞ്ചര ലക്ഷം യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.