വ്യക്തികളുടെ അക്കൗണ്ടുകള്‍ക്ക് സകാത്ത് നല്‍കണമെന്നത് വ്യാജ വാര്‍ത്തയെന്ന് സൗദി സകാത്ത് അതോറിറ്റി

റിയാദ്: സൗദിയില്‍ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണത്തിന് സകാത്ത് ഈടാക്കാനൊരുങ്ങുന്നുവെന്ന പ്രചാരം വാസ്തവവിരുദ്ധമാണെന്ന് സൗദി സകാത്ത് അതോറിറ്റി വ്യക്തമാക്കി.

ഈ അടുത്തായി ഭേതഗതിചെയ്ത സകാത്ത് നിയമാവലി പ്രകാരം സ്വദേശികളുടെയും സൗദിയില്‍ താമസിക്കുന്ന ജി സി സി പൗരന്മാരുടെയും കച്ചവട സ്ഥാപനങ്ങള്‍ക്ക് സകാത്ത് നല്‍കണമെന്നും, അത് 2020 ജനുവരി മാസത്തോടെ നടപ്പിലാക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം വ്യക്തികളുടെ അക്കൗണ്ടുകളിലുള്ള പണത്തിന് സകാത്ത് ഈടാക്കില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് വ്യക്തമാക്കിയിരുന്നു. അതേസമയം വിദേശ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദായനികുതി ചുമത്തുമെന്നും അതോറിറ്റി പറഞ്ഞു.

മന്ത്രിസഭാ തീരുമാനപ്രകാരം കഴിഞ്ഞ വര്‍ഷം പുതുതായി ഭേതഗതി ചെയ്ത സകാത്ത് നിയമാവലിയില്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാപനത്തിന്റെ സകാത്ത് ലളിതമായി എങ്ങനെ കണക്കാക്കാം എന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കുവാനായി ചില കാര്യങ്ങള്‍ ചേര്‍ത്തിരുന്നു. വാണിജ്യ പുസ്തകം കൈവശമുള്ള സകാത്ത് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്ന രീതിയില്‍ സകാത്ത് കണക്കാക്കുവാന്‍ ഇത് സഹായകമാകും. അതേസമയം വാണിജ്യ പുസ്തകം കൈവശമില്ലാത്ത ഉദ്യോഗസ്ഥര്‍ എങ്ങനെയായിരിക്കണം സക്കാത്തുകള്‍ കണക്കാക്കുക എന്നതിനുള്ള എളുപ്പവഴികളും പുതിയ നിയമാവലിയില്‍ ചേര്‍ത്തിട്ടുണ്ടെന്നും സകാത്ത് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

സകാത്ത് ടാക്‌സ് സംബന്ധമായ വിവരങ്ങളും വാര്‍ത്തകളും അതോറിറ്റിയുടെ ഔദ്യോഗീക അക്കൗണ്ടുകള്‍ വഴിയോ വെബ്‌സൈറ്റുകള്‍ വഴിയോ മാത്രം സ്വീകരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.