ശബരിമലയില്‍ യുവതികളെത്തി ; പമ്പയില്‍ തടഞ്ഞ് പോലീസ്

പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ പത്ത് യുവതികളെ തടഞ്ഞ് പോലീസ്. വിജയവാഡയില്‍ നിന്നാണ് പത്ത് യുവതികള്‍ അടങ്ങിയ സംഘം ശബരിമലയിലേക്ക് എത്തിയത്.

എന്നാല്‍ ഇവരെ പോലീസ് പമ്പയില്‍ തടഞ്ഞു. പ്രായം പരിശോധിച്ചപ്പോള്‍ അമ്പത് വയസ്സിന് താഴെയുളളവരാണ് പത്ത് സ്ത്രീകള്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പമ്പയില്‍ നിന്ന് മടക്കി അയച്ചത്. സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയതോടെ വനിതാ പോലീസ് ഇവരോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടുകയായിരുന്നു.

ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ പ്രായം അമ്പതിന് താഴെയാണ് എന്ന് തെളിഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരോട് നിലവിലെ സാഹചര്യം വിശദീകരിക്കുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ യുവതികള്‍ ശബരിമല ദര്‍ശനം വേണ്ടെന്ന് വെച്ച് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.