ശബരിമല: രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്നും സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നു. സുപ്രീംകോടതിക്കു പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതില്‍ സര്‍ക്കാര്‍ പിന്നാലെ പോകേണ്ട എന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരോടു മുഖ്യമന്ത്രി സൂചിപ്പിച്ചതായാണു വിവരം.
രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമിട്ടു കൊടുക്കുന്ന സമീപനമോ പ്രസ്താവനകളോ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് പാര്‍ട്ടിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന സംഘടന യുവതീ പ്രവേശത്തിനു നീക്കം നടത്തുന്നതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളില്‍ പുറത്ത് വന്നിട്ടുണ്ട്.






