ജിദ്ദയിലെ പുതിയ അമേരിക്കന്‍ കോണ്‍സുലേറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു

ജിദ്ദ: ജിദ്ദയിലെ അല്‍ ഹംറ ഡിസ്ട്രിക്ടില്‍ പലസ്തീന്‍ സ്ട്രീറ്റില്‍ 65 വര്‍ഷത്തിലേറെയായി പ്രവൃത്തിച്ചുവരികയായിരുന്ന യു എസ് കോണ്‍സുലേറ്റ് ജനറലിന്റെ ആസ്ഥാനം മുഹമ്മദിയ ഡിസ്ട്രിക്ടിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടത്തിന് അടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി.

മക്കാ ഗവര്‍ണറും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരനെ പ്രതിനിധീകരിച്ചു ജിദ്ദാ ഗവര്‍ണ്ണര്‍ മഷ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജിദ്ദാ ഗവര്‍ണറെ സ്വീകരിക്കുന്നതിനായി അമേരിക്കന്‍ അംബാസിഡര്‍ ജോണ്‍ അബീസൈദ്, ജിദ്ദയിലെ അമേരിക്കന്‍ ജനറല്‍ കൗണ്‍സല്‍ റായിന്‍ ക്‌ളീഹാ, മക്ക റീജ്യണല്‍ ഫോറിന്‍ മിനിസ്ട്രി മേധാവി ജമാല്‍ ബാല്‍ഖുയൂര്‍ തുടങ്ങിയവരും നിരവധി നയന്തന്ത്ര പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ ജിദ്ദ യു എസ് ജനറല്‍ കോണ്‍സുലര്‍ സ്വാഗതം പറഞ്ഞു. സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധവും സഹകരണവും സൗദിയിലെ അമേരിക്കന്‍ അംബാസിഡര്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ജിദ്ദ ഗവര്‍ണ്ണര്‍ ശിലാഫലകത്തിന്റെ കര്‍ട്ടന്‍ നീക്കുകയും നാട മുറിച്ചു യു എസ് കോണ്‍സുലേറ്റ് ആസ്ഥാനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1948ല്‍ തുടങ്ങിയ പരസ്പര ബന്ധം 1952ല്‍ ജിദ്ദയില്‍ അമേരിക്കന്‍ എംബസിയുടെ ആസ്ഥാനം നിര്‍മ്മിക്കുന്നതിലേക്ക് എത്തി. അന്ന് ജിദ്ദയുടെ മധ്യഭാഗത്തുള്ള ബലദിലെ ഒരു പൈതൃക കെട്ടിടത്തിലായിരുന്നു യു എസ് എംബസി പ്രവര്‍ത്തിച്ചിരുന്നത്.

പിന്നീട് എംബസി ഓഫിസ് തലസ്ഥാനമായ റിയാദിലേക്ക് മാറ്റി. തുടര്‍ന്ന് ജിദ്ധയില്‍ ഫലസ്തീന്‍ സ്ട്രീറ്റിലെ അല്‍ഹംറയില്‍ യു എസ് കോണ്‍സുലേറ്റ് സ്ഥാപിക്കുകയുണ്ടായി.