യുവതീപ്രവേശ വിധി പുനഃപരിശോധന; വിശാലബെഞ്ചിന്

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ ഏഴു ജഡ്ജിമാർ അംഗമായ വിശാലബെഞ്ചിന് വിടാൻ സുപ്രീംകോടതി. അതേസമയം നിലവിലെ വിധി സ്റ്റേ ചെയ്തിട്ടില്ല.

അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വിയോജിച്ചു. അതേസമയം ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡൂം റോഹിന്റൻ നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28നു നൽകിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും വാദം പൂർത്തിയിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ എ.എം.ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണു മറ്റ് അംഗങ്ങൾ.

യുവതീപ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ ഹർജി നൽകിയിരുന്നു. ഈ ഹരജിയിന്മേൽ ആദ്യം മുതൽ വീണ്ടും വാദം കേൾക്കും.

ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം കുറിച്ചത്.