സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിന് നാളെ കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍ : സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിന് നാളെ കണ്ണൂരില്‍ തുടക്കമാകും. നാളെ മുതല്‍ 19 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിന്റെ റജിസ്‌ട്രേഷന്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഇന്റോര്‍ സ്റ്റേഡിയത്തിനു സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ ആരംഭിക്കും.
മാങ്ങാട്ടുപറമ്പ യൂണിവേഴ്‌സിറ്റി കോളജില്‍ ഏഴര കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സിന്തറ്റിക്ക് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. സീനിയര്‍ ബോയ്‌സിന്റെ 3000 മീറ്റര്‍ ഓട്ടത്തോടെയാണ് കായിക മല്‍സരത്തിന് തുടക്കമാവുക.
കാലത്ത് ഒമ്പതു മണിക്ക് മണിക്ക് പതാകയുയര്‍ത്തും. ഉച്ചയ്ക് 1.30 ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും മുന്‍ ഒളിമ്പ്യന്‍ താരം ടിന്റു ലൂക്ക ദീപശിഖ തെളിയിക്കും. എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ വൈകുന്നേരം 5.30 വരെയായിരിക്കും മല്‍സരങ്ങള്‍ നടക്കുക.
കണ്ണൂര്‍ സര്‍വ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ കായിക കൗമാര കുതിപ്പിന് ഒരു ദിവസം ശേഷിക്കേ ഒരുക്കങ്ങള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സംഘാടകര്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും എത്രതോളം ഫലപ്രദമാകുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. മല്‍സരം കണ്ണൂരിന് അനുവദിച്ചതെന്ന് മാസങ്ങള്‍ക്ക് മുന്‍പെ അറിഞ്ഞുവെങ്കിലും കായിക അധ്യാപകരുടെ സമരം കാരണം ഒരുക്കങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ വീഴ്ചയാണ് അധികാരികള്‍ക്കുണ്ടായത്.
വാമിംങ്ങ് അപ്പ് ഏരിയ, അതിനോട് ചേര്‍ന്ന കാള്‍ ബൂത്ത് എന്നിവ സജ്ജമായി. എന്നാല്‍ വാമിംങ്ങ് അപ്പ് ഏരിയയോട് ചേര്‍ന്നുള്ള താല്‍ക്കാലിക ശുചി മുറികളുടെ പ്രവൃത്തി ഇപ്പോഴും നടക്കുകയാണ്. ഒരേ സമയം നൂറു കണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനായി മാങ്ങാട്ടു പറമ്പിലെ കേരള ക്ലേ ആന്റ് സിറാമിക്‌സിന്റെ സ്ഥലത്ത് സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.
കായികോല്‍സവം വീക്ഷിക്കാന്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗലാറിയുടെയും അത്‌ലറ്റിക്‌സിന്റെ ഫോട്ടോ ഫിനിഷിങ്ങ് നിരീക്ഷണ ടവര്‍ നിര്‍മ്മാണത്തിന്റെയും പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അഞ്ച് മീറ്റര്‍ ഉയരത്തിലാണ് താല്‍ക്കാലിക ടവര്‍ നിര്‍മ്മിക്കുന്നത്.






