ശബരിമല യുവതി പ്രവേശനം, റഫാല്‍ കേസുകളില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം, റഫാല്‍ എന്നീ സുപ്രധാന കേസുകളില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. ശബരിമല കേസിലെയും റഫാല്‍ കേസിലെയും സുപ്രിം കോടതിയുടെ തന്നെ വിധികളിലെ പുനപരിശോധനാ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയുക.
കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതും സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ വിധിപ്രസ്താവം രാവിലെ 10.30 ന് തുടങ്ങും. ശബരിമലയില്‍ എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനപരിശോധിക്കണമോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പുറത്തുവന്നത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. പിന്നാലെ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരിയില്‍ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലാണ് സുപ്രിം കോടതിയുടെ ഇന്നത്തെ മറ്റൊരു സുപ്രധാന വിധിപ്രസ്താവം വരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. റഫാല്‍ കേസില്‍കൂടി വിധി പറയുന്നതോടെ വിരമിക്കാന്‍ രണ്ടുനാള്‍ കൂടി മാത്രമവശേഷിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പാവും.






