സൗദിയില്‍ ഒറ്റ റിയാല്‍ കറന്‍സി ഓര്‍മ്മയാകുന്നു; പകരം നാണയങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ ഒരു റിയാല്‍ കറന്‍സി പിന്‍വലിക്കാനൊരുങ്ങി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ). അതിനു മുന്നോടിയായി മാര്‍ക്കറ്റുകളില്‍ ഒരു റിയാലിന്റെ ലോഹനിര്‍മ്മിത നാണയങ്ങളുടെ വിപണനം വ്യാപകമാക്കി. നിലവില്‍ ഒരു റിയാല്‍ കറന്‍സിയുടെ നാലില്‍ ഒന്ന് എന്ന അളവില്‍ ലോഹ നിര്‍മ്മിത നാണയങ്ങള്‍ മാര്‍ക്കറ്റുകളില്‍ വിപണനം ചെയ്യപ്പെടുന്നെണ്ടെന്ന് ‘സാമ’ വ്യക്തമാക്കി.

കടലാസ് നിര്‍മ്മിത ഒരുറിയാല്‍ അടുത്തുതന്നെ പടിപടിയായി പിന്‍വലിക്കുമെന്നും പകരം ലോഹ നിര്‍മ്മിത നാണയങ്ങള്‍ വിപണനം സജജീവമാക്കുമെന്നും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചിരുന്നു.

നിലവില്‍ മാര്‍ക്കറ്റുകളില്‍ വിപണനം ചെയ്യപ്പെടുന്ന ലോഹനിര്‍മ്മിത നാണയങ്ങളുടെ മൂല്യം 180 മില്യണ്‍ റിയാല്‍ വരും. താമസിയാതെ 700 മില്യണ്‍ റിയാലിന്റെ ഒറ്റ റിയാല്‍ നാണയം മാര്‍ക്കറ്റുകളില്‍ വിപണനം നടത്തുമെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു. ഒരു ലോഹ നിര്‍മ്മിത നാണയത്തിന്റെ ശരാശരി ആയുസ്സ് 30 വര്‍ഷമാണ്. അതേസമയം കടലാസ്സ് നിര്‍മ്മിത കറന്‍സികളുടെ ആയുസ്സ് ആറുമാസമോ, ഒരു വര്‍ഷത്തില്‍ താഴെയോ മാത്രമാണെന്നും സാമ വ്യക്തമാക്കി.

ലോഹനിര്‍മ്മിത നാണയങ്ങള്‍ പൊതുജനങ്ങള്‍ക്കെത്തിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലുള്ള സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ ബ്രാഞ്ചുകളിലൂടെ വിതരണം ചെയ്യപ്പെടുമെന്നു സാമയുടെ ദമ്മാം ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് അല്‍ നഈം അറിയിച്ചു.