പ്രഥമ നാസര്‍ വാവൂര്‍ പുരസ്‌കാരം മുജീബ് പൂക്കോട്ടൂരിന് സമ്മാനിക്കും

ജിദ്ദ: നാസര്‍ വാവൂരിന്റെ സ്മരണക്കായി ജിദ്ദ ചീക്കോട് പഞ്ചായത്ത് കെ എം സി സി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് സാമൂഹ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അര്‍ഹനായി. പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. മുജീബ് പൂക്കോട്ടൂര്‍ മക്കയില്‍ വെച്ച് മരണപ്പെടുന്ന ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെയും, ജോലിയാവശ്യാര്‍ഥം പുണ്ണ്യ ഭൂമിയില്‍ എത്തി മരണപെടുന്ന ആളുകളുടെയും മൃതുദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മുന്‍പന്തിയിലാണ്.
കെ എം സി സി സൗദി നാഷണല്‍ കമ്മറ്റിയുടെ ഹജജ് സെല്‍ കണ്‍വീനര്‍, മക്ക കെ എം സി സി ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന മുജീബ് ഓരോ വര്‍ഷവും വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തിയാണ്. ടി വി ഇബ്രാഹിം എം എല്‍ എ ചെയര്‍മാനും സൗദി കെ എം സി സി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, കെ എസ് ടി യു സംസ്ഥന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുള്ള വാവൂര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ജിദ്ദയിലും നാട്ടിലും രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നാസര്‍ വാവൂര്‍. 25 വര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായ അദ്ദേഹം കൊണ്ടോട്ടി മണ്ഡലം കെ എം സി സി സെക്രട്ടറി, ചീക്കോട് പഞ്ചായത്ത് ജിദ്ദ കെ എം സി സി ജനറല്‍ സെക്രട്ടറി, വാവൂര്‍ ഗ്‌ളോബല്‍ കെ എം സി സി ഭാരവാഹി എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു. ജിദ്ദയിലെ വിവിധ പ്രവാസി കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. സാമൂഹിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വഹിച്ച പങ്കാളിത്തം കണക്കിലെടുത്താണ് നാസര്‍ വാവൂരിന്റെ നാമധേയത്തില്‍ ഇത്തരത്തിലൊരു പുരസ്‌കാരം ജിദ്ദ ചീക്കോട് പഞ്ചായത്ത് കെഎംസിസി കമ്മറ്റി ഏര്‍പ്പെടുത്തിയത്. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡിസംബര്‍ അവസാനത്തില്‍ ചീക്കോട് പഞ്ചായത്തിലെ വാവൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ജിദ്ദ ചീക്കോട് പഞ്ചായത്ത് ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സൗദി കെ എം സി സി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി, പഞ്ചായത്ത് കെ എം സി സി നേതാക്കളായ സലീം വാവൂര്‍, ലത്തീഫ് പൊന്നാട്, ഹസ്സന്‍ ഓമാനൂര്‍, അന്‍വര്‍ വെട്ടുപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.






