വര്‍ഗ്ഗീയ പോസ്റ്റ് : മൂന്ന് പ്രവാസികള്‍ക്കെതിരെ കേസെടുത്തു

മലപ്പുറം : അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പോസ്റ്റിട്ട മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മൂന്ന് പേര്‍ക്കെതിരെയാണ് മലപ്പുറത്ത് കേസെടുത്തിരിക്കുന്നത്.

പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ മൂന്ന് പേരും വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അയോധ്യ കേസിലെ വിധിക്ക് ശേഷം വര്‍ഗ്ഗീയ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി.

അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കൊച്ചി സെന്‍ട്രല്‍ പൊലീസും നേരത്തെ കേസ് എടുത്തിരുന്നു. വര്‍ഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസൈടുത്തത്. കേരള പൊലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് ഇവരുടെ പോസ്റ്റ് കണ്ടെത്തിയത്.  പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.