വീട്ടില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്

ദമ്മാം: ദമ്മാം സിറ്റിയിലെ അല്‍ ഫാഖിരിയ്യ ഡിസ്ട്രിക്ടില്‍ ഒരു വീടിനുള്ളില്‍നിന്നുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടിന്റെ ഒരുഭാഗം പൂര്‍ണ്ണമായും സ്‌ഫോടനത്തില്‍ തകരുകയും മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രദേശവാസികളെ ഭീതിയിലാക്കിയ സ്‌ഫോടനം നടന്നത് ഇന്ന് പുലച്ചെയാണ്.

ഞായറാഴ്ച പുലര്‍ച്ചെ, ഭീതിജനകമായ വന്‍ ശബ്ദത്തോടെ വലിയ സ്‌ഫോടനം നടന്നതായും രാത്രിയുടെ ഇരുട്ടിനെ ഭേദിക്കുന്ന വന്‍ പ്രകാശം പരിസരത്തു പരക്കുകയും ചെയ്തതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌ഫോടനം നടന്ന വീടിന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും വീടിന്റെ അവശിഷ്ടങ്ങള്‍ വളരെ ദൂരസ്ഥലത്തേക്കുവരെ ചിതറിത്തെറിച്ചതായും അവര്‍ പറയുന്നു. കൂടാതെ പരിസരത്തു പാര്‍ക്ക് ചെയ്തിരുന്ന ഏതാനും കാറുകള്‍ക്കും കേടുപാടുകള്‍ പറ്റിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന 13 പേര്‍ക്ക് പരിക്കു പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫെന്‍സ് വിഭാഗം സംഭവസ്ഥലം പരിശോധിക്കുകയും പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തു എത്തുകയും അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.






