ഹറമൈന്‍ ട്രെയിന്‍ സേവനം അടുത്ത ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും

ഗതാഗത മന്ത്രി എഞ്ചിനീയര്‍ സ്വാലിഹ് ജാസിറിന്റെ സാന്നിധ്യമുണ്ടാകും. 

ജിദ്ദ: മക്ക – മദീന അതിവേഗ ട്രെയിന്‍ ഗതാഗത സര്‍വ്വീസ് അടുത്ത നവമ്പര്‍ 13 ബുധനാഴ്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങുമെന്ന് വാര്‍ത്താ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഗതാഗത മന്ത്രിയും റെയില്‍വേ കമ്പനി ബോര്‍ഡ് ചെയര്‍മാനുമായ എഞ്ചിനീയര്‍ സ്വാലിഹ് ജാസിറിന്റെ സാന്നിധ്യത്തിലാവും ഗതാഗതം പുനസ്ഥാപിക്കുക.

പുതിയ റെയില്‍പാതയുടെ സിവില്‍ വര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും എല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷം കഴിഞ്ഞ ദിവസം വിശുദ്ധ മക്ക സ്‌റ്റേഷനില്‍ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് സ്‌റ്റേഷനിലേക്ക് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതില്‍ യാത്രക്കാരായി ടെക്‌നീഷ്യന്മാരടക്കമുള്ള ജോലിക്കാര്‍ മാത്രമാണുണ്ടായിരുന്നത്.

സുലൈമാനിയ്യ സ്‌റ്റേഷന്‍ തീപിടിച്ചതിനു ശേഷം ട്രെയിന്‍ സേവനം പുനസ്ഥാപിക്കുന്നതിന് റെയില്‍ പാത മാറ്റി പണിയുകയും സുലൈമാനിയ്യ സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ റെയില്‍വേ സ്‌റേഷനില്‍ ക്രമീകരിക്കുവാനും തീരുമാനിക്കുകയായിരുന്നു.

തീ പിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച റെയില്‍ പാതക്ക് പകരമായി നിര്‍മ്മിച്ച സമാന്തര റെയില്‍ ഇരട്ടപ്പാതയുടെ നിമ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാവുകയും അതിലൂടെ പരീക്ഷണ ഓട്ടം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഗതാഗത സേവനം പുനസ്ഥാപിക്കുന്നത്. സമാന്തര പാതക്ക് ഒന്നര കിലോമീറ്റര്‍ ദൂരമാണുള്ളത്.

സമാന്തര പാത പ്രവര്‍ത്തന സജജമായതായും ഗതാഗതം താമസിയാതെ തുടങ്ങുമെന്നും മക്ക ഗവര്‍ണ്ണറേറ്റ് ഈയിടെ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്തംബര്‍ മാസം അവസാനത്തോടെയാണ് സുലൈമാനിയ്യ സ്‌റ്റേഷന്‍ തീ പിടിച്ചതിന്റെ തുടര്‍ന്ന് ട്രെയിന്‍ സേവനം നിര്‍ത്തിവെച്ചത്.