പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലത്തല്ലാതെ തുപ്പിയാല്‍ പിഴ ചുമത്തും

ജിദ്ദ: പ്രത്യേകം നിശ്ചയിക്കപ്പെടാത്ത സ്ഥലങ്ങളില്‍ തുപ്പുകയോ, പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് നഗര-ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആദ്യവട്ടത്തില്‍ 500 റിയാല്‍ പിഴ ചുമത്തും. വീണ്ടും ഇതേ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന പക്ഷം പിഴ സംഖ്യ 1000 റിയാല്‍ വരെ എത്തുമെന്നും നഗര-ഗ്രാമ വികസന മന്ത്രാലയം വ്യക്തമാക്കി. പൊതു മര്യാദ നിയമാവലിക്ക് അനുസൃതമായാണ് പിഴ ചുകത്തപ്പെടുക.

സൗദിയില്‍ പൊതുമര്യാദയുടെ ഭാഗമായി പൊതുജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വ്യക്തികള്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ഈയിടെ പുറത്തിറക്കിയിരുന്നു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത പിഴ അടക്കേണ്ടിവരും.