ഷുഹൈബ് വധക്കേസ്: സി ബി ഐ യെ ഇല്ലാതാക്കന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 34 ലക്ഷം

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി പി എമ്മുകാരായ അക്രമികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 34 ലക്ഷം രൂപ.

ഈ കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്ന് കോടതിയില്‍ വാദിക്കാനായാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയ കേസു കൂടിയാണിത്. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയ കേസ് ഏതാണെന്ന് പ്രതിപക്ഷാംഗം സണ്ണി ജോസഫ് രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നിയമമന്ത്രി എ കെ ബാലന്‍ സഭയില്‍ സമര്‍പ്പിച്ച രേഖയിലാണ് തുകയുടെ വിശദാംശങ്ങളുള്ളത്. ഷുഹൈബിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാനാണ് വിജയ് ഹന്‍സാരി, അമരേന്ദ്ര ശരണ്‍ എന്നീ അഭിഭാഷകരെ സര്‍ക്കാര്‍ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നത്.

വിജയ് ഹന്‍സാരെയ്ക്ക് 12,2000 രൂപ നല്‍കി. അമരേന്ദ്ര ശരണിന് ഫീസായി അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല. അതേസമയം, വാദിഭാഗത്തിനൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ പ്രതിഭാഗം ചേര്‍ന്ന് നികുതിപ്പണം കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.