ഉത്തരേന്ത്യന്‍ മുസ്‌ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡല്‍: സി.കെ സുബൈര്‍

റിയാദ്: ഉത്തരേന്ത്യന്‍ മുസ്‌ലിം നവോത്ഥാനത്തിന് കേരളമോഡലാണ് ഫലപ്രദമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ അഭിപ്രായപ്പെട്ടു. മത ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ച നവോത്ഥാന ശ്രമങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കിയത്. അതോടൊപ്പം പാരസ്പര്യത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റവും കേരളത്തിലെ മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചു. മത-രാഷ്ട്രീയ രംഗങ്ങളിലെ പുരോഗതിക്ക് ഇസ്‌ലാഹീ പ്രസ്ഥാനവും മുസ്‌ലിം ലീഗും നല്‍കിയ സംഭാവനകള്‍ ദേശീയ രംഗത്തും മാതൃകയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ നാനാതുറകളിലുമുള്ള വികാസവും പുരോഗതിയും സാധ്യമാവണമെങ്കില്‍ കേരള മാതൃകയിലുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ദേശീയ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ വിവിധ ഇടപെടലുകളും തന്റെ അനുഭവങ്ങളും സദസ്യരുമായി പങ്കുവെക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ സമകാലിക ചിന്തകള്‍” എന്ന ശീര്‍ഷകത്തില്‍ നടന്ന സെമിനാര്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. ആര്‍ ഐ സി സി കണ്‍വീനര്‍ എഞ്ചി. ഉമര്‍ ശരീഫ് ആമുഖ പ്രഭാഷണം നടത്തി. റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ. പി കെ ഹബീബ് റഹ്‌മാന്‍ മോഡറേറ്ററായിരുന്നു. ആര്‍ ഐ സി സി സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ ശബീബ് കരുവള്ളി, ബത്ഹ ഇസ്‌ലാാഹി സെന്റെര്‍ പ്രസിഡണ്ട് ബഷീര്‍ കുപ്പോടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആര്‍ ഐ സി സി മീഡിയാ വിംഗ് ചെയര്‍മാന്‍ നബീല്‍ പയ്യോളി, ഉബൈദ് തച്ചമ്പാറ, അശ്‌റഫ് രാമനാട്ടുകര എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്യം നല്‍കി.
ഫോട്ടോ: ”ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ സമകാലിക ചിന്തകള്‍” എന്ന ശീര്‍ഷകത്തില്‍ റിയാദ് ക്രിയേറ്റീവ് ഫോറം ബത്ഹയില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.






