നവംബര്‍ 15ന് ആരംഭിക്കുന്ന സിഫ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു

ഫിക്‌സ്ചര്‍ പ്രകാശനം നടന്നത് വര്‍ണ്ണാഭമായ ചടങ്ങില്‍.
ജിദ്ദ: ജിദ്ദ പ്രവാസികളില്‍ കാല്‍പന്ത്കളി പ്രേമികളുടെ ഒഴിവുദിനങ്ങള്‍ നവംബര്‍ 15 മുതല്‍ മൂന്നരമാസക്കാലം മദീന റോഡില്‍ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷണല്‍ സ്‌റ്റേഡിയത്തിലായിരിക്കും. മത്‌സരത്തിന്റെ ഫിക്‌സ്ചര്‍ റിലീസിങ്ങ് കഴിഞ്ഞ ദിവസം നടന്നതോടെ ഫുട്‌ബോള്‍ ആരാധകര്‍, മത്‌സരത്തില്‍ മാറ്റുരക്കുന്ന ടീമുകളുടേയും കളിക്കാരുടെയും മേന്‍മ പറച്ചിലിലുകളിലാണ്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ ഫുട്ബാള്‍ മാമാങ്കമായ ‘സിഫ്-ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് 2019 – 20” നവംബര്‍ 15നാണ് തുടങ്ങുക. നാല് ഡിവിഷനുകളിലായി 31 ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് മൂന്നര മാസക്കാലം നീണ്ടു നില്‍ക്കും. ജിദ്ദയിലെ മദീന റോഡില്‍ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
ടൂര്‍ണമെന്റിന്റെ ഫിക്‌സചര്‍ പ്രകാശനം കഴിഞ്ഞ ദിവസം ഒപേറാ ഹാളിലാണ് നടന്നത്. ഈസ്‌റ്റേണ്‍ ഗ്രൂപ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ നവാസ് മീരാന്‍ മുഖ്യാതിഥിയായിരുന്നു. ജലീല്‍ ട്രേഡിങ്ങ് കമ്പനി എം ഡി മുഹമ്മദ് ഷമീര്‍, ജിദ്ദയിലെയും മക്കയിലേയും സാമൂഹിക, കല സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

ജിദ്ദയില്‍ സിഫിന്റെ പ്രവര്‍ത്തനങ്ങളെയും സംഘാടനത്തിലെ പ്രഫഷണലിസത്തെയും പ്രകീര്‍ത്തിച്ച ഇടുക്കി ജില്ലാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ നാട്ടില്‍ വളര്‍ന്നുവരുന്ന ഫുട്ബാള്‍ കളിക്കാരെ വളര്‍ത്തിയെടുക്കാനുള്ള ചില പദ്ധതികളെക്കുറിച്ചു സദസ്സുമായി പങ്കു വെച്ചു.

ജെ.എന്‍.എച്ച് എം ഡി മുഹമ്മദ്അലി വി പി, ആലുങ്ങല്‍ മുഹമ്മദ്, മുഹമ്മദ് ഷമീര്‍, നൗഷാദ്, കെ പി മുഹമ്മദ് കുട്ടി, കെ ടി എ മുനീര്‍, ഷിബു തിരുവനന്തപുരം, സാദിഖ് പാണ്ടിക്കാട്, സിഫ് മുഖ്യ ഉപദേശകന്‍ വി കെ എ റഹൂഫ്, വൈസ് പ്രസിഡണ്ട്മാരായ നിസാം മമ്പാട്, അയ്യൂബ് മുസ്‌ലിയാരകത്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ അലി മുഹമ്മദ് അലി, മുന്‍ പ്രസിഡന്റ് ഹിഫ്‌സുറഹ്‌മാന്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി കബീര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സിഫ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പ്രത്യകം തയ്യാറാക്കിയ ബോളുകള്‍ ആയിഷ ദില്‍ഷാന, ഫാത്തിമ ദില്‍ഫാ എന്നിവരില്‍ നിന്നും സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രയും നവാസ് മീരാനും ചേര്‍ന്ന് ഏറ്റു വാങ്ങി. സിഫ് ചാമ്പ്യന്‍സ് ട്രോഫി സിനി സാഗറില്‍ നിന്നും 25 വര്‍ഷം മുമ്പ് നടന്ന സിഫിന്റെ പ്രഥമ ടൂര്‍ണമെന്റിലെ ചാപ്യന്‍ ടീമായിരുന്നു ഏഷ്യാറ്റിക് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഗോള്‍കീപ്പറും ഇന്ത്യന്‍ സ്‌കൂള്‍ ഫുട്ബാള്‍ ടീം കോച്ചുമായ കബീറുളള അരീക്കോട് ഏറ്റു വാങ്ങി.
1995ല്‍ രൂപം കൊണ്ട സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം രജത ജൂബിലി ആഘോഷിക്കുന്ന വര്‍ഷത്തില്‍ ടൂണ്‍മെന്റിനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാനവട്ട പണികള്‍ നടന്നു വരുന്നതായി സംഘാടകര്‍ അറിയിച്ചു.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. അന്‍വര്‍ വല്ലാഞ്ചിറ, നാസര്‍ ഫറോക്ക്, സലാം കാളികാവ്(സെക്രട്ടറിമാര്‍), അന്‍വര്‍ കരിപ്പ, ഷഫീഖ് പട്ടാമ്പി, കെ സി മന്‍സൂര്‍, കെ സി ശരീഫ് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. പ്രിയ രാജേഷ് അവതാരികയായിരുന്നു. മിര്‍സ ശരീഫ്, ജമാല്‍ പാഷ, സോഫിയ സുനില്‍ തുടങ്ങിയവരുടെ ഗാനം ബെന്നി തോമസ് നയിച്ച ജെബി ബാന്റിന്റെ വെസ്‌ണ്ണേണ്‍ മ്യൂസിക്കല്‍ പ്രോഗ്രാമും പരിപാടിക്ക് മാറ്റുകൂട്ടി. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ വസീം ഇര്‍ഷാദ്, ഫഹീം എന്നിവര്‍ ഫിക്ച്ചര്‍ ഡ്രോയില്‍ പങ്കാളികളായി. ഷബീര്‍ അലി സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.






