സൗദി ചരിത്രത്തിലാദ്യമായി ജിദ്ദ ജയിലില്‍ തടവുകാരിയുടെ കല്യാണം

ജിദ്ദ: സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി ജിദ്ദയിലെ ജയിലില്‍ വെച്ച് ഒരു തടവുകാരിയുടെ കല്യാണകര്‍മ്മം കഴിഞ്ഞ ദിവസം മംഗളമായി നടന്നു. കല്യാണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതാവട്ടെ ജയില്‍ അധികൃതരും സഹതടവുകാരികളും.
ജിദ്ദയിലെ വനിതാ ജയിലിലെ സ്വദേശിയായ ഒരു തടവുകാരിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം ജയിലില്‍ വെച്ച് ആഘോഷിക്കപ്പെട്ടത്. സ്വദേശിയായ ഒരു യുവാവാണ് തടവുകാരിക്ക് വരനായത്. അതേ ജയിലിലെ മറ്റൊരു തടവുകാരിയുടെ സഹോദരനാണ് വരന്‍. ഈ സഹോദരി വഴിയാണ് വിവാഹത്തിന്റെ കാര്യങ്ങള്‍ നടന്നത്.
കല്യാണത്തില്‍ വധുവിന്റെ കുടുംബങ്ങളും ജയില്‍ ഉദ്യോഗസ്ഥരും സഹ തടവുകാരും പങ്കെടുത്തു. ഭര്‍ത്താവിന്റെ സഹോദരി വഴിയാണ് കല്യാണം നടന്നതെന്നും അവരും ഒരു തടവുകാരിയാണെന്നും ജിദ്ദയിലെ വനിതാ ജയില്‍ മേധാവി മര്‍വ്വ യൂസുഫ് വ്യക്തമാക്കി. സാധാരണ എല്ലാ കല്യാണ പെണ്ണിനെയും ഒരുക്കുന്നത് പോലെ തടവുകാരിയായ വധുവിനെയും ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരുക്കിയിരുന്നതായി മര്‍വ്വ യൂസുഫ് കൂട്ടിച്ചേര്‍ത്തു.
ജയില്‍ ഓഡിറ്റോറിയത്തില്‍ വെച്ചുള്ള വിവാഹത്തില്‍ തടവുകാരിയുടെ ഉപ്പയും സഹോദരിയും വരനും കൂട്ടുകാരും പങ്കെടുത്തിരുന്നു.






