യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘര്‍ഷത്തില്‍ കലാശിച്ചു

മുക്കം: രാഹുല്‍ ഗാന്ധി എം പി മുക്കം സി എച്ച് സിക്ക് കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച 40 ലക്ഷം നിരസിച്ച ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നഗരസഭ ഓഫീസ് മാര്‍ച്ചും തുടര്‍ന്ന് നടന്ന നില്‍പ്പ് സമരവും സംഘര്‍ഷത്തില്‍ കലാശിച്ചു. ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ നഗരസഭ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

തുടര്‍ന്ന് അല്‍പ്പം നേരം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ഫിറോസ് പോയതോടെ പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.