സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ 6000 ഇ-ഓട്ടോറിക്ഷകൾക്ക് അനുമതി

കോഴിക്കോട്:തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 6000 ഇലക്‌ട്രിക്കൽ ഓട്ടോറിക്ഷകൾക്കും 3000 സി.എൻ.ജി. ഓട്ടോകൾക്കും അനുമതി.
നഗരത്തിലെ മെട്രോ സിറ്റികളിൽ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനാണ് ഗതാഗതവകുപ്പിന്റെ ഈ തിരുമാനം. ഈ മൂന്ന് നഗരങ്ങളിലും മൂന്ന് വർഷങ്ങൾക്കുമുമ്പുതന്നെ ഡീസൽ വാഹനങ്ങൾക്കും പെട്രോൾ വാഹനങ്ങൾക്കും പെർമിറ്റ് നൽകുന്നത് നിർത്തിയിരുന്നു. ഇനി നഗരങ്ങളിൽ ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് പുതുക്കി നൽകില്ല. പകരം ഇലകട്രിക് ഓട്ടോറിക്ഷയ്ക്കുമാത്രം അനുമതിനൽകാനാണ് ഗതാഗതവകുപ്പിന്റെ തിരുമാനം. കോഴിക്കോട്ട് സി.എൻ.ജി. ഇന്ധനം നിറയ്ക്കാൻ പമ്പുകൾ കുറവാണ്. അതിന്റെ കാര്യത്തിൽ വ്യക്തമായ തിരുമാനമൊന്നുമായിട്ടില്ലെന്ന് കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ഷബീർ പറഞ്ഞു.
ഇലക്‌ട്രിക്കൽ ഓട്ടോ നിരത്തിലോടണമെങ്കിൽ പെർമിറ്റിനു പകരം രജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമാണ് വേണ്ടത്. കോഴിക്കോട്ട് ഈ നിർദേശം വന്നതല്ലാതെ എങ്ങനെയാണ് ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിർദേശങ്ങളൊന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. 2020 ആകുമ്പോഴേക്കും പൂർണമായും ഇലക്‌ട്രിക്കൽ, സി.എൻ.ജി. വാഹനങ്ങളിലേക്ക് മാറ്റും.
ഇത്തരം അറിയിപ്പ് വന്നതിനുശേഷം ഇതുവരെ മൂന്ന് ആർ.ടി.ഒകളിലും അപേക്ഷകളൊന്നും വന്നിട്ടില്ല. കോഴിക്കോട് ആർ.ടി.ഒ.യിൽ 500 പേരാണ് ഇതിന്റെ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എത്തിയത്.






